
ബൊഗോട്ട: ഗറില്ല സംഘത്തിൽ നിന്ന് മോചിതനായ തന്റെ പിതാവിനൊപ്പമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ലിവർപൂൾ താരം ലൂയിസ് ഡയസ്. ഒക്ടോബർ 28നാണ് ഇ എല് എന് എന്ന പേരിലറിയപ്പെടുന്ന നാഷണല് ലിബറേഷന് ആര്മി, താരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയത്. പൊലീസിന്റെ ഇടപെടലിൽ താരത്തിന്റെ മാതാവിനെ നേരത്തെ മോചിപ്പിച്ചിരുന്നു. എന്നാൽ പിതാവ് 12 ദിവസത്തിനൊടുവിലാണ് മോചിപ്പിക്കപ്പെട്ടത്.
അബദ്ധത്തിൽ താരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയെന്നാണ് ഇ എൽ എൻ അറിയിച്ചത്. ഗ്രൂപ്പിന്റെ ഉയർന്ന നേതാക്കൾ ഇടപെട്ട് ലൂയിസിന്റെ പിതാവിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കൊളംബിയൻ സർക്കാരുമായുള്ള ചർച്ചകൾക്കൊടുവിൽ താരത്തിന്റെ പിതാവിനെ വിട്ടയച്ചു. കൊളംബിയൻ സൈന്യത്തെ അയക്കില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പിതാവിന്റെ മോചനം.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര് ലീഗില് ലിവർപൂളിനായി ഗോളടിച്ച ശേഷം തന്റെ പിതാവിനെ മോചിക്കണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിന് ശേഷമാണ് താരം വികാര പ്രകടനം നടത്തിയത്. മത്സരത്തില് പകരക്കാരനെയെത്തിയ ലൂയിസ് ഇഞ്ചുറി ടൈമില് ഗോളടിച്ച് ലിവര്പൂളിനെ തോല്വിയില് നിന്ന് രക്ഷിച്ചു.