ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില് ഉറുഗ്വായോട് പരാജയമേറ്റുവാങ്ങി അര്ജന്റീന. മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ലോക ചാമ്പ്യന്മാര് അടിയറവ് പറഞ്ഞത്. 2022 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം അര്ജന്റീന വഴങ്ങുന്ന ആദ്യ പരാജയമാണിത്.
സൂപ്പര് താരം ലയണല് മെസ്സിയെ അര്ജന്റീന ആദ്യ ഇലവനില് ഇറക്കിയപ്പോള് വെറ്ററന് സ്ട്രൈക്കര് ലൂയി സുവാരസിനെ ബെഞ്ചിലിരുത്തിയായിരുന്നു ഉറുഗ്വായ് ഇറങ്ങിയത്. അര്ജന്റീനയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. 13-ാം മിനിറ്റില് ലയണല് മെസ്സിയിലൂടെ അര്ജന്റീനക്ക് ആദ്യ അവസരം ലഭിച്ചെങ്കിലും ക്യാപ്റ്റന്റെ ഷോട്ട് ഉറുഗ്വായ് കീപ്പര് റോഷെക്ക് അനായാസം തടുത്തു. 28-ാം മിനിറ്റില് ഡി ലാക്രൂസിന്റെ മുന്നേറ്റവും ഉറുഗ്വായ്ക്ക് ലീഡ് നല്കുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും ഗോളായില്ല. എന്നാല് 41-ാം മിനിറ്റില് ലോകചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ഉറുഗ്വായ് വലകുലുക്കി. ഗോള് കീപ്പര് മാര്ട്ടിനെസിനെ മറികടന്ന് ബാഴ്സ ഡിഫന്ഡര് അരൗഹോയാണ് ആദ്യ ഗോള് നേടിയത്.
ലീഡെടുത്തിന് ശേഷവും ഉറുഗ്വായ് ആക്രമണം കടുപ്പിച്ചു. 55-ാം മിനിറ്റില് ബോക്സിന്റെ അരികില് ഡി മരിയയെ വീഴ്ത്തിയതിന് അര്ജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ലയണല് മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറില് തട്ടി മടങ്ങി. ഉറുഗ്വായ് പ്രതിരോധം കൂടുതല് ശക്തമാക്കിയതോടെ അര്ജന്റീനയുടെ സമനില ഗോളിനായുള്ള എല്ലാ ശ്രമവും വിഫലമായി. 81-ാം മിനിറ്റില് ലൗറ്റാരോ മാര്ട്ടിനെസിന്റെ ഹെഡ്ഡര് ഉറുഗ്വേ കീപ്പര് റോച്ചെ കൈപ്പിടിയിലൊതുക്കി. 87-ാം മിനിറ്റില് ലിവര്പൂള് സ്ട്രൈക്കര് ഡാര്വിന് ന്യൂനസ് ഉറുഗ്വായുടെ രണ്ടാം ഗോള് നേടിയതോടെ അര്ജന്റീനയുടെ തകര്ച്ച പൂര്ണമായി.
ഈ ലോകകപ്പ് യോഗ്യത മത്സരത്തില് അര്ജന്റീന വഴങ്ങുന്ന ആദ്യ പരാജയമാണിത്. എട്ട് മത്സരങ്ങളായി തുടരുന്ന അര്ജന്റീനയുടെ ക്ലീന് ഷീറ്റ് യാത്രക്കും ഇതോടെ അവസാനമായി. അഞ്ച് മത്സരങ്ങളില് നിന്ന് 12 പോയിന്റുമായി അര്ജന്റീന ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ്. പത്ത് പോയിന്റമായി ഉറുഗ്വായ് ആണ് രണ്ടാമത്.