ഇനി ഫുട്ബോൾ ആവേശം; ഖത്തറിനെതിരെ ഇന്ത്യയ്ക്ക് പ്രചോദനം 2019ലെ സമനില

ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8-1ന് തകർത്താണ് ഖത്തറിന്റെ വരവ്.

dot image

ഭുവനേശ്വർ: ക്രിക്കറ്റ് ലോകകപ്പിന്റെ ആരവങ്ങൾ കെട്ടടങ്ങിയിരിക്കുന്നു. രാജ്യത്ത് ഇനി ഫുട്ബോൾ ആവേശമാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ ഖത്തറിനെ നേരിടും. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യൻ സംഘത്തിന്റെ വരവ്. എങ്കിലും 2019ൽ ഖത്തറിനെതിരെ നേടിയ സമനിലയാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. ദോഹയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ സംഘം ലോകഫുട്ബോളിനെ അത്ഭുതപ്പെടുത്തിയിരുന്നു.

2019ലെ ഏഷ്യൻ കപ്പ് നേടി തകർപ്പൻ ഫോമിലായിരുന്ന ഖത്തറിനേയാണ് അന്ന് നീലപ്പട സമനിലയിൽ തളച്ചത്. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിച്ചിരുന്നില്ല. പക്ഷേ നാളത്തെ മത്സരത്തിൽ അത്ഭുതം സൃഷ്ടിക്കാൻ സുനിൽ ഛേത്രി എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8-1ന് തകർത്താണ് ഖത്തറിന്റെ വരവ്.

മത്സരത്തിൽ ഖത്തറിനെതിരെ അനായാസ ജയം ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റീമാക് പ്രതീക്ഷിക്കുന്നില്ല. എങ്കിലും എതിരാളികളെ പൂർണമായി പഠിച്ച ശേഷമെ മത്സരത്തിനിറങ്ങുവെന്നാണ് സ്റ്റീമാക് വ്യക്തമാക്കുന്നു. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ എതിരാളിയാണ് ഖത്തറെന്നും സ്റ്റീമാക് വ്യക്തമാക്കി.

dot image
To advertise here,contact us
dot image