ഭുവനേശ്വർ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഖത്തറിനെ നേരിടുന്നു. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഖത്തർ ആദ്യ ഗോളിന് മുന്നിലെത്തി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ അവരുടെ നാട്ടിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു. എങ്കിലും 2019ൽ ഖത്തറിനെതിരെ നേടിയ സമനിലയാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. ദോഹയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ സംഘം ലോകഫുട്ബോളിനെ അത്ഭുതപ്പെടുത്തിയിരുന്നു.
2019ലെ ഏഷ്യൻ കപ്പ് നേടി തകർപ്പൻ ഫോമിലായിരുന്ന ഖത്തറിനേയാണ് അന്ന് നീലപ്പട സമനിലയിൽ തളച്ചത്. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിച്ചിരുന്നില്ല.
ഇന്ത്യൻ ടീമിൽ ഗുർപ്രീത് സിംഗ് സന്ധുവിന് പകരം അമരീന്ദർ സിംഗ് ഗോൾകീപ്പറാകും. സഹൽ അബ്ദുൾ സമദ്, മൻവീർ സിംഗ് എന്നിവരും ടീമിലില്ല. ഇന്ത്യൻ ആദ്യ ഇലവൻ: സുനിൽ ഛേത്രി (നായകൻ), അമരീന്ദർ സിംഗ് (ഗോൾ കീപ്പർ), രാഹുൽ ഭേക്കെ, സുഭാഷിഷ് ബോസ്, സന്ദേശ് ജിങ്കാൻ, അനിരുദ്ധ ഥാപ്പ, സുരേഷ് സിംഗ്, ലാലെങ്മാവിയ റാൾട്ടെ, ഉദാന്ത സിംഗ്, ലാലിയന്സുവാല ചങ്തെ, നിഖിൽ പൂജാരി.