കൊൽക്കത്ത: ഐ ലീഗ് മത്സരങ്ങളിൽ കൃത്രിമത്വം നടക്കുന്നതായി ആരോപിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ച് താരങ്ങൾ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏത് മത്സരത്തിലാണ് കൃത്രിമത്വം നടന്നതെന്നും ആരാണ് പരാതിക്ക് പിന്നിലെന്നും എഐഎഫ്എഫ് പ്രസിഡന്റ് വിശദീകരിച്ചില്ല. എന്നാൽ മത്സരത്തിൽ നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്ന് എഐഎഫ്എഫ് താരങ്ങൾക്ക് ഉറപ്പ് നൽകി.
ഐ ലീഗ് മത്സരങ്ങളിൽ കൃത്രിമത്വം ആരോപിച്ച് നിരവധി താരങ്ങൾ രംഗത്തുവന്നതായി കല്യാൺ ചൗബേ പറഞ്ഞു. ഐ ലീഗിനെയും ഇതിൽ പങ്കെടുക്കുന്ന താരങ്ങളെയും സംരക്ഷിക്കാൻ എഐഎഫ്എഫിന് പ്രതിബദ്ധതയുണ്ട്. ഇത്തരം ഭീഷണികളെ എഐഎഫ്എഫ് നേരിടും. ഫുട്ബോളിന്റെ ജനപ്രീതിയെ തകർക്കാൻ അനുവദിക്കില്ല. ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ താരങ്ങൾക്ക് ബോധവത്ക്കരണം നൽകുമെന്നും കല്യാൺ ചൗബേ വ്യക്തമാക്കി.
AIFF President @kalyanchaubey reiterates commitment to protect integrity of the game
— Indian Football Team (@IndianFootball) November 30, 2023
Read 👉 https://t.co/qaUBhSQ91i#IndianFootball ⚽ pic.twitter.com/L9dxrAWKDs
ഐ ലീഗ് സീസണിൽ ഇതുവരെ 40തിൽ അധികം മത്സരങ്ങൾ പൂർത്തിയായി. 13 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ മത്സരിക്കുന്നത്. ഓരോ ടീമിനും ഹോം ആന്റ് എവേ ഫോർമാറ്റിൽ 24 മത്സരങ്ങൾ വീതം ലഭിക്കുന്ന രീതിയിലാണ് ഇത്തവണ ഐ ലീഗ് മത്സരക്രമം തയ്യാറാക്കിയിരിക്കുന്നത്. ആകെ സീസണിൽ 156 മത്സരങ്ങളാണുള്ളത്.