ദുഷാൻബെ: എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ നസറിന് സമനില. താജിക്കിസ്ഥാൻ ക്ലബായ ഇസ്തിക് ലോലാണ് അൽ നസറിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചാണ് അൽ നസർ കളിക്കാൻ ഇറങ്ങിയത്. അൽ നസറിന്റെ കടുത്ത മത്സരക്രമമാണ് റൊണാൾഡോയ്ക്ക് വിശ്രമം അനുവദിക്കാൻ കാരണം.
മത്സരത്തിന്റെ തുടക്കത്തിൽ പ്രതിരോധ ഫുട്ബോളാണ് അൽ നസർ കളിച്ചത്. ഈ അവസരം മുതലാക്കി ഇസ്തിക് ലോൽ ഗോളടിച്ചു. 32-ാം മിനിറ്റിൽ അലിഷർ ദലിലോവാണ് ഇസ്തിക് ലോലിനെ മുന്നിലെത്തിച്ചത്. ഇതോടെ അൽ നസർ ആക്രമണ ഫുട്ബോളിലേക്ക് ചുവട് മാറ്റി. എങ്കിലും ആദ്യ പകുതിയിൽ ഗോൾ വന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ നസർ സമനില പിടിച്ചു. 50-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ ഗരീബാണ് സമനില ഗോൾ കണ്ടെത്തിയത്. പിന്നീട് ഇരുടീമുകളും മുന്നേറ്റങ്ങൾ തുടർന്നെങ്കിലും ആർക്കും ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരം സമനില ആയെങ്കിലും അൽ നസർ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.