പരിക്കില് വലഞ്ഞ് റയല് മാഡ്രിഡ്; വിശ്വസിക്കാനാവുന്നില്ലെന്ന് ആഞ്ചലോട്ടി

ടീമില് കൂടുതല് താരങ്ങള് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് പുറത്തുവരുന്നത്

dot image

മാഡ്രിഡ്: ലാ ലീഗയില് വിയ്യാറയലിനെതിരെ തകര്പ്പന് വിജയം സ്വന്തമാക്കിയിരിക്കുകയാണ് റയല് മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്ണബ്യൂവില് നടന്ന മത്സരത്തില് ഒന്നിനെതിരെ നാല് ഗോളുകള്ക്കാണ് മുന് ലാ ലീഗ ചാമ്പ്യന്മാരുടെ വിജയം. ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, ബ്രാഹിം ഡയസ്, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റയല് മാഡ്രിഡിന് വേണ്ടി ഗോളുകള് നേടിയത്. ഇതോടെ പോയിന്റ് ടേബിളില് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താനും റയല് മാഡ്രിഡിന് സാധിച്ചു.

എന്നാല് വിജയത്തിനിടയിലും വിഷമകരമായ വാർത്തയാണ് റയല് മാഡ്രിഡ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ടീമില് കൂടുതല് താരങ്ങള് പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് പുറത്തുവരുന്നത്. കിരീടം തിരിച്ചുപിടിക്കാന് നടത്തുന്ന പോരാട്ടത്തില് റയല് മാഡ്രിഡിന് വലിയ തിരിച്ചടിയാണ് തുടര്ച്ചയായി വരുന്ന പരിക്കുകള്.

വിയ്യാറയലിനെതിരായ മത്സരത്തിനിടയില് റയലിന്റെ ഡിഫന്ഡര് ഡേവിഡ് അലാബയ്ക്ക് പരിക്കേറ്റിരുന്നു. വിയ്യാറയല് ഫോര്വേര്ഡ് ജെറാര്ഡ് മൊറേനോയെ ചലഞ്ച് ചെയ്യാന് ശ്രമിക്കുന്നതിനിടയിലായിരുന്നു ഓസ്ട്രിയന് സെന്റര് ബാക്കിന് പരിക്കേറ്റത്. കാല്മുട്ടിന് സാരമായി പരിക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്ട്ടുകള്.

ഈ സീസണില് തന്നെ എസിഎല് ലിഗ്മെന്റ് ഇഞ്ച്വറി കാരണം പ്രധാന താരങ്ങളായ മിലിറ്റാവോ, തിബോ കോര്ട്ടോയിസ് എന്നീ താരങ്ങള്ക്ക് പുറത്തുപോവേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് അലാബയ്ക്കും പരിക്കേറ്റത്. ക്ലബ്ബിനെയും ആരാധകരെയും സംബന്ധിച്ച് ഇത് സങ്കട വാര്ത്തയാണെന്ന് റയല് മാഡ്രിഡ് പരിശീലകന് കാര്ലോ ആഞ്ചലോട്ടി പറഞ്ഞു. ഇതാദ്യമായാണ് തന്റെ ടീമിലെ മൂന്ന് താരങ്ങള് ഒരു സീസണില് എസിഎല് ഇഞ്ച്വറിക്ക് ഇരയാവുന്നതെന്നും തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ആഞ്ചലോട്ടി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image