'ന്യൂഇയര് ഹാപ്പി'യാക്കി സിറ്റിയും ആസ്റ്റണ് വില്ലയും; വിജയത്തോടെ ആഴ്സണലിനെ മറികടന്നു

ഷെഫീല്ഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്ക് തകര്ത്താണ് സിറ്റി ആധികാരിക വിജയം സ്വന്തമാക്കിയത്

dot image

മാഞ്ചസ്റ്റര്: 2023ലെ അവസാന പ്രീമിയര് ലീഗ് മത്സരങ്ങളില് തകര്പ്പന് വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര് സിറ്റിയും ആസ്റ്റണ് വില്ലയും. ശനിയാഴ്ച നടന്ന മത്സരത്തില് ഷെഫീല്ഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്ക് തകര്ത്താണ് സിറ്റി ആധികാരിക വിജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില് ബേണ്ലിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക് വീഴ്ത്തി ആസ്റ്റണ് വില്ലയും തകര്പ്പന് വിജയം സ്വന്തമാക്കി. വിജയത്തോടെ പോയിന്റ് ടേബിളില് ആഴ്സണലിനെ മറികടന്ന് മൂന്നാമതെത്താന് സിറ്റിയ്ക്കും രണ്ടാമതെത്താന് ആസ്റ്റണ് വില്ലയ്ക്കും സാധിച്ചു.

സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തിലായിരുന്നു സിറ്റിയുടെ ആവേശവിജയം. റോഡ്രിയും ജൂലിയന് അല്വാരസുമാണ് സിറ്റിക്ക് വേണ്ടി ഗോളുകള് നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റില് ഫില് ഫോഡന്റെ പാസില് നിന്ന് ഗോള് നേടി റോഡ്രി സിറ്റിയെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റില് ജൂലിയന് അല്വാരസ് സിറ്റിയുടെ സ്കോര് രണ്ടാക്കി ഉയര്ത്തി.

തുടര്ച്ചയായ മൂന്ന് ഹോം സമനിലകള്ക്ക് ശേഷം സിറ്റി നേടുന്ന ആദ്യ വിജയമാണിത്. നവംബര് ആദ്യം മുതല് ഹോം ഗ്രൗണ്ടില് ഒരു ലീഗ് മത്സരവും സിറ്റിക്ക് ജയിക്കാന് സാധിച്ചിരുന്നില്ല. ഷെഫീല്ഡിനെതിരായ വിജയത്തോടെ 19 കളികളില് നിന്ന് 40 പോയിന്റുമായി ആഴ്സണലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്ന്നു. ഒമ്പത് പോയിന്റുമായി ഏറ്റവും താഴെയാണ് ഷെഫീല്ഡ് യുണൈറ്റഡ്.

'ബുദ്ധിയുണ്ട്, പക്ഷെ പ്രയോഗിക്കുന്നില്ല'; യുണൈറ്റഡിന് വീണ്ടും പരാജയത്തിന്റെ പുതുവര്ഷം

അഞ്ച് ഗോളുകള് പിറന്ന ആവേശ മത്സരത്തില് ആസ്റ്റണ് വില്ല ബേണ്ലിയെ പരാജയപ്പെടുത്തി. അടിയും തിരിച്ചടിയും കണ്ട മത്സരത്തിന്റെ അവസാന നിമിഷത്തില് ഡഗ്ലസ് ലൂയിസ് നേടിയ പെനാല്റ്റി ഗോളിലാണ് ആസ്റ്റണ് വില്ല വിജയമുറപ്പിച്ചത്. ലിയോണ് ബെയ്ലി (28'), മൂസ ഡയബി (42'), ഡഗ്ലസ് ലൂയിസ് (89') എന്നിവര് ആസ്റ്റണ് വില്ലയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോള് സെകി അംദൂനി (31'), ലൈല് ഫോസ്റ്റര് (71') എന്നിവര് ബേണ്ലിക്ക് വേണ്ടിയും ഗോള് നേടി.

മത്സരത്തിന്റെ 56-ാം മിനിറ്റില് സാന്ഡര് ബെര്ഗിന് റെഡ്കാര്ഡ് കണ്ട് പുറത്തുപോവേണ്ടി വന്നെങ്കിലും ബേണ്ലി മികച്ച ചെറുത്തുനില്പ്പ് നടത്തി. ബേണ്ലിക്കെതിരായ വിജയത്തോടെ 20 മത്സരങ്ങളില് നിന്ന് 42 പോയിന്റുമായി ആസ്റ്റണ് വില്ല രണ്ടാം സ്ഥാനത്തേക്കെത്തി. പോയിന്റില് ഒന്നാമതുള്ള ലിവര്പൂളിനൊപ്പമുള്ള വില്ല ഗോള്വ്യത്യാസത്തിലാണ് രണ്ടാമതുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് സിറ്റിയുമായി രണ്ട് പോയിന്റുകള്ക്ക് മുന്നിലാണ് ആസ്റ്റണ് വില്ല.

dot image
To advertise here,contact us
dot image