'നിരാശയുണ്ട്, പക്ഷേ വിട്ടുകൊടുക്കില്ല'; ഉസ്ബെക്കിസ്ഥാനെതിരായ തോല്വിയില് കോച്ച് സ്റ്റിമാക്

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്കായിരുന്നു ഉസ്ബെക്കിസ്ഥാന് നീലപ്പടയെ തകര്ത്തത്

dot image

ദോഹ: എഎഫ്സി ഏഷ്യന് കപ്പിലെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില് ഉസ്ബെക്കിസ്ഥാനെതിരെയും ഇന്ത്യ തോല്വി വഴങ്ങിയിരുന്നു. വ്യാഴാഴ്ച നടന്ന മത്സരത്തില് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്കായിരുന്നു ഉസ്ബെക്കിസ്ഥാന് നീലപ്പടയെ തകര്ത്തത്. ആദ്യ മത്സരത്തില് ഓസ്ട്രേലിയയോടും ഇന്ത്യ പരാജയം വഴങ്ങിയിരുന്നു. ഇപ്പോള് ഇന്ത്യയുടെ തോല്വിയില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന് കോച്ച് ഇഗോര് സ്റ്റിമാക്. പരാജയത്തില് നിരാശയുണ്ടെങ്കിലും തളരാതെ തിരിച്ചുവരുമെന്ന് സ്റ്റിമാക് അറിയിച്ചു.

'കഴിഞ്ഞ ദിവസം നമ്മള് തളര്ന്നുപോയി. നേരത്തെ തന്നെ വഴുതിവീണുപോയി. ഗെയിം പ്ലാനില് ഉറച്ചുനില്ക്കാന് ഞങ്ങള്ക്കൊരു അവസരം നല്കിയില്ല. ഓസ്ട്രേലിയയേക്കാള് കൗശലമുള്ളതായിരുന്നു ഉസ്ബെക്കിസ്ഥാന്റെ ആക്രമണം. ആദ്യ പകുതിയില് അതിനെ നന്നായി കൈകാര്യം ചെയ്യാനായില്ല. നിരാശയുണ്ട്, പക്ഷേ വിട്ടുകൊടുക്കില്ല. ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ട്', സ്റ്റിമാക് എക്സില് കുറിച്ചു.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില് രണ്ട് ഗോളുകളുടെ തോല്വി വഴങ്ങേണ്ടി വന്ന നിരാശയിലാണ് ഇന്ത്യ ഉസ്ബെക്കിസ്താനെതിരെ ഇറങ്ങിയത്. ടൂര്ണമെന്റിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് ഉസ്ബെക്ക് മുന്നേറ്റത്തിന് മുന്നില് പിടിച്ചു നില്ക്കാനായിരുന്നില്ല. ഫൈസുല്ലയേവ്, സെര്ജിയേവ്, നസ്രുല്ലോവ് എന്നിവരാണ് ഇന്ത്യന് പ്രതിരോധ പൂട്ട് തകര്ത്ത് ഉസ്ബെക്കിസ്ഥാനായി ഗോളുകള് നേടിയത്. ആദ്യ പകുതിയിലായിരുന്നു ഉസ്ബെക്കിസ്ഥാന് മൂന്ന് ഗോളുകളും ഇന്ത്യന് വലയിലെത്തിച്ചത്. കളിയുടെ നാല്, പതിനെട്ട് മിനിറ്റുകളിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലുമായിരുന്നു ഉസ്ബെക്കിസ്ഥാന്റെ ഗോള് നേട്ടം. ആദ്യ മത്സരത്തിലെ ആദ്യ പകുതിയില് ഇന്ത്യന് പ്രതിരോധ നിര ഓസ്ട്രേലിയയെ ഗോള്രഹിത സമനിലയില് കുരുക്കിയിരുന്നു.

ഏഷ്യൻ കപ്പിൽ ഉസ്ബെക്കിസ്ഥാനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തകർന്ന് ഇന്ത്യ

ആറ് പോയിന്റുള്ള ഓസ്ട്രേലിയ ഗ്രൂപ്പില് ഒന്നാം സ്ഥാനത്തും നാല് പോയിന്റുമായി ഉസ്ബെക്കിസ്ഥാന് രണ്ടാമതുമാണ്. എഎഫ്സി ഏഷ്യന് കപ്പില് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് ഇന്ത്യക്ക് അടുത്ത മത്സരത്തില് ജയം അനിവാര്യമാണ്. സിറിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

dot image
To advertise here,contact us
dot image