ദോഹ: എഎഫ്സി ഏഷ്യന് കപ്പില് ടൂര്ണമെന്റ് ഫേവറിറ്റുകളായ ജപ്പാനെ ഞെട്ടിച്ച് ഇറാഖ്. നാല് തവണ ചാമ്പ്യന്മാരായ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ഇറാഖ് തകര്ത്തത്. ഇറാഖിന് വേണ്ടി സ്ട്രൈക്കര് അയ്മന് ഹുസൈന് ഇരട്ടഗോള് നേടി തിളങ്ങി. 42 വര്ഷങ്ങള്ക്ക് ശേഷമാണ് ഇറാഖ് ജപ്പാനെ പരാജയപ്പെടുത്തുന്നത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില് തന്നെ ഇറാഖ് ലീഡെടുത്തു. അയ്മന് ഹുസൈനാണ് ഇറാഖിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില് അയ്മന് തന്നെ ഇറാഖിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിലേക്ക് തിരിച്ചുവരാന് ജപ്പാന് ഏറെ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. മത്സരത്തിന്റെ ഇഞ്ച്വറി ടൈമില് ലിവര്പൂള് താരം വറ്റാരു എന്ഡോ ജപ്പാന് വേണ്ടി വല കുലുക്കിയെങ്കിലും അത് ആശ്വാസഗോള് മാത്രമായി മാറി.
IRAQ 🇮🇶 is in the #AsianCup2023 Round of 16#HayyaAsia pic.twitter.com/Ia8f1sJKsb
— AFC Asian Cup Qatar 2023 (@Qatar2023en) January 19, 2024
വിജയത്തോടെ പ്രീക്വാര്ട്ടര് പ്രവേശനം നേടാനും ഇറാഖിനായി. രണ്ട് മത്സരങ്ങളില് നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയില് ഒന്നാമതാണ് ഇറാഖ്. മൂന്ന് പോയിന്റുള്ള ജപ്പാന് രണ്ടാം സ്ഥാനത്താണ്.