ഭുവനേശ്വര്: കലിംഗ സൂപ്പര് കപ്പിലെ അവസാന മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോല്വി. ഇന്ന് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകളുടെ വലിയ പരാജയമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ശക്തമായ ടീമിനെ ഇറക്കിയെങ്കിലും മികച്ച പോരാട്ടം ബ്ലാസ്റ്റേഴ്സില് നിന്ന് ഉണ്ടായില്ല. പതിവ് താളം കണ്ടെത്താനാകാതെ വിഷമിച്ച ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിത്രിയോസ് ഡയമന്റകോസ് ആശ്വാസ ഗോള് നേടി.
മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തെടുത്തത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില് തന്നെ നോര്ത്ത് ഈസ്റ്റ് ലീഡെടുത്തു. യുവതാരം പാര്തിബ് ഗോഗോയ് നേടിക്കൊടുത്ത ലീഡ് ആദ്യ പകുതിയുടെ അവസാനം വരെ കാത്തുസൂക്ഷിക്കാന് നോര്ത്ത് ഈസ്റ്റിന് സാധിച്ചു.
രണ്ടാം പകുതിയില് ബ്ലാസ്റ്റേഴ്സ് മാറ്റങ്ങള് വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 68-ാം മിനിറ്റില് മൊറോക്കന് താരം മുഹമ്മദ് അലി ബെമാമ്മെര് നോര്ത്ത് ഈസ്റ്റിന്റെ സ്കോര് ഇരട്ടിയാക്കി. പിന്നാലെ 70-ാം മിനിറ്റില് ഒരു ഗോള് നേടി ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്കിയെങ്കിലും പിന്നീട് ഗോളുകള് വഴങ്ങുകയാണ് ചെയ്തത്. 75-ാം മിനിറ്റില് റെദീം ത്ലാങ്ങും 80-ാം മിനിറ്റില് മലയാളി താരം ജിതിന് എം എസും ഗോള് നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂര്ത്തിയായി.
അണ്ടര് 19 ലോകകപ്പ്; ബംഗ്ലാദേശിനെ തകര്ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കംആറ് പോയിന്റുമായി നോര്ത്ത് ഈസ്റ്റ് ഗ്രൂപ്പില് രണ്ടാമതായി ഫിനിഷ് ചെയ്തു. മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പില് മൂന്നാം സ്ഥാനക്കാരായും ഫിനിഷ് ചെയ്തു.