രണ്ട് ഗോളിന് പിന്നില്, പിന്നീട് തിരിച്ചുവരവും വിവാദങ്ങളും; ഒടുവില് റയല് മാഡ്രിഡിന് നാടകീയവിജയം

കിക്കോഫില് നിന്ന് തന്നെ റയലിനെ ഞെട്ടിച്ച് അല്മേരിയ ലീഡെടുത്തു

dot image

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില് റയല് മാഡ്രിഡിന് നാടകീയ വിജയം. ലീഗിലെ അവസാന സ്ഥാനക്കാരായ അല്മേരിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് റയല് മാഡ്രിഡ് തകര്ത്തത്. ആദ്യ മിനിറ്റില് തന്നെ ഗോള് വഴങ്ങുകയും പിന്നീട് രണ്ട് ഗോളുകള്ക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ വിജയം.

വിവാദ റഫറി വിധികളാല് നിറഞ്ഞ നാടകീയ നിമിഷങ്ങള്ക്കായിരുന്നു സാന്റിയാഗോ ബെര്ണബ്യൂ സാക്ഷ്യം വഹിച്ചത്. കിക്കോഫില് നിന്ന് തന്നെ റയലിനെ ഞെട്ടിച്ച് അല്മേരിയ ലീഡെടുത്തു. നാചോയില് നിന്ന് പന്ത് സ്വീകരിച്ച ലാര്ജി റമസാനിയാണ് റയലിന്റെ വല ആദ്യമായി കുലുക്കിയത്. 43-ാം മിനിറ്റില് എഡ്ഗര് ഗോണ്സാലസിലൂടെ അല്മേരിയ ലീഡ് ഇരട്ടിയാക്കിയതോടെ ബെര്ണബ്യൂ അക്ഷരാര്ത്ഥത്തില് സ്തംഭിച്ചു. പെനാല്റ്റി ബോക്സിന് പുറത്തുനിന്ന് ഒരു ഇടങ്കാലന് സ്ക്രീമറിലൂടെയായിരുന്നു ഗോണ്സാലസിന്റെ ഗോള്. ആദ്യ പകുതിയില് കാര്യമായ അവസരങ്ങള് പോലും റയലിന് സൃഷ്ടിക്കാനായില്ല.

രണ്ടാം പകുതിയില് മാറ്റങ്ങളോടെയാണ് ആഞ്ചലോട്ടി ടീമിനെ ഇറക്കിയത്. ഇതോടെ റയല് ആക്രമണം കടുപ്പിച്ചു. 57-ാം മിനിറ്റില് അല്മേരിയക്കെതിരായി റഫറി ഹാന്ഡ്ബോളിന് പെനാല്റ്റി വിധിച്ചതോടെ മത്സരത്തിന്റെ ഗതി മാറിമറിഞ്ഞു. പെനാല്റ്റി കിക്കെടുക്കാനെത്തിയ ജൂഡ് ബെല്ലിങ്ഹാമിന് പിഴച്ചില്ല. സ്കോര് 1-2.

'ബലോന് ദ് ഓറി'ന്റെയും 'ഫിഫ ദ ബെസ്റ്റി'ന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്ഡോ

തൊട്ടുപിന്നാലെ കൗണ്ടര് അറ്റാക്കിലൂടെ അല്മേരിയ ഗോളടിച്ചു. എന്നാല് ആ നീക്കത്തിനിടയില് ബെല്ലിങ്ഹാമിനെ ഫൗള് ചെയ്തെന്ന് പറഞ്ഞ് വാര് ആ ഗോള് നിഷേധിച്ചു. പെനാല്റ്റിക്ക് പിന്നാലെ ആ വിധിയും റയലിന് അനുകൂലമായി വന്നത് പ്രതിഷേധങ്ങള്ക്കിടയാക്കി. 67-ാം മിനിറ്റിലാണ് വിവാദങ്ങള് സൃഷ്ടിച്ച ഗോള് പിറന്നത്. വിനീഷ്യസ് ജൂനിയര് സ്കോര് ചെയ്ത സമനില ഗോള് ഹാന്ഡ് ബോളാണെന്ന് അല്മേരിയ വാദിച്ചതിന് ശേഷം ഗോള് നിഷേധിക്കപ്പെട്ടു. എന്നാല് വാര് പരിശോധനകള്ക്ക് ശേഷം ആ ഗോള് അനുവദിക്കപ്പെട്ടത് വലിയ ഞെട്ടലുണ്ടാക്കി.

സമനില കണ്ടെത്തിയതിന് ശേഷം റയലിന്റെ ആക്രമണം മാത്രമാണ് ബെര്ണബ്യൂ കണ്ടത്. അതിന്റെ ഫലമായി ഇഞ്ച്വറി ടൈമിന്റെ ഒന്പതാം മിനിറ്റില് റയല് വിജയഗോള് നേടി. ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റില് നിന്ന് ഡാനി കാര്വഹാള് ആണ് റയലിന്റെ വിജയഗോള് നേടിയത്. വിജയത്തോടെ റയല് മാഡ്രിഡ് ലീഗില് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 20 മത്സരങ്ങളില് നിന്ന് 51 പോയിന്റാണ് റയലിനുള്ളത്.

dot image
To advertise here,contact us
dot image