അടി, തിരിച്ചടി; കൊല്ക്കത്ത ഡെര്ബിക്ക് ആവേശ സമനില

മലയാളി താരം സഹല് അബ്ദുള് സമദിന്റെ ക്രോസില് നിന്ന് പെട്രാറ്റോസാണ് മോഹന് ബഗാന്റെ സമനില ഗോള് നേടിയത്

dot image

കൊല്ക്കത്ത: ഇന്ത്യന് സൂപ്പര് ലീഗിലെ കൊല്ക്കത്ത ഡെര്ബി സമനിലയില് അവസാനിച്ചു. നിലവിലെ ജേതാക്കളായ മോഹന് ബഗാനും ചിരവൈരികളായ ഈസ്റ്റ് ബംഗാള് എഫ്സിയും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. വിജയ ഗോള് പിറന്നില്ലെങ്കിലും അത്യന്തം ആവേശകരമായ മത്സരത്തിനാണ് ഇന്ന് കൊല്ക്കത്തയിലെ സാള്ട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

മത്സരത്തിന്റെ തുടക്കത്തില് തന്നെ ഈസ്റ്റ് ബംഗാള് എഫ്സി ലീഡെടുത്തു. മൂന്നാം മിനിറ്റില് യുവതാരം അജയ് ഛേത്രിയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള് നേടിയത്. ഗോള് വഴങ്ങി 15 മിനിറ്റിനുള്ളില് തന്നെ മോഹന് ബഗാന്റെ മറുപടിയെത്തി. 17-ാം മിനിറ്റില് അര്മാന്ഡോ സാദികിലൂടെയാണ് മോഹന് ബഗാന് സമനില ഗോള് കണ്ടെത്തിയത്. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.

രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്ക്കുള്ളില് വീണ്ടും ഈസ്റ്റ് ബംഗാള് ലീഡെടുത്തു. 55-ാം മിനിറ്റില് അനുകൂലമായി ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച ക്ലെയ്റ്റണ് സില്വയാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോള് നേടിയത്. ലീഡ് വഴങ്ങിയ ശേഷം തുടര്ച്ചയായി ആക്രമണങ്ങള് അഴിച്ചുവിട്ട് മോഹന് ബഗാന് മത്സരത്തിലേക്ക് തിരിച്ചുവരാന് ശ്രമിച്ചു.

മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന് നിമിഷങ്ങള് മാത്രം ബാക്കിനില്ക്കേ മോഹന് ബഗാന് വീണ്ടും സമനില പിടിച്ചു. 87-ാം മിനിറ്റില് മലയാളി താരം സഹല് അബ്ദുള് സമദിന്റെ ക്രോസില് നിന്ന് ദിമിത്രി പെട്രാറ്റോസാണ് മോഹന് ബഗാന്റെ രണ്ടാം ഗോള് നേടിയത്. സമനിലയോടെ 20 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മോഹന് ബഗാന്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാള് പട്ടികയില് ഏഴാമതാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us