ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് തകര്പ്പന് വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര് സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എവര്ട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് സിറ്റി പരാജയപ്പെടുത്തി. സൂപ്പര് താരം എര്ലിങ് ഹാലണ്ടാണ് സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്. വിജയത്തോടെ ലിവര്പൂളിനെ മറികടന്ന് പോയിന്റ് പട്ടികയില് ഒന്നാമതെത്താന് സിറ്റിക്ക് കഴിഞ്ഞു.
FULL-TIME | Three points, secured! 🔒
— Manchester City (@ManCity) February 10, 2024
🩵 2-0 🍬 #ManCity | @okx pic.twitter.com/5a9EIq6t2O
ഗോള് രഹിതവും വിരസവുമായ ആദ്യ പകുതിയ്ക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും പിറന്നത്. സിറ്റിയുടെ സ്വന്തം തട്ടകത്തില് നടന്ന മത്സരത്തിന്റെ 70 മിനിറ്റോളം ആതിഥേയരെ പിടിച്ചുകെട്ടാന് എവര്ട്ടണ് സാധിച്ചു. 71-ാം മിനിറ്റില് എര്ലിങ് ഹാലണ്ട് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. സിറ്റിക്ക് അനുകൂലമായി ലഭിച്ച കോര്ണര് കിക്കില് നിന്നുള്ള ഒരു കൂട്ടപ്പൊരിച്ചിലിനൊടുവില് ഹാലണ്ട് എവര്ട്ടണിന്റെ വല കുലുക്കി.
ആദ്യ ഗോള് നേടി 15 മിനിറ്റുകള്ക്കുള്ളില് ഹാലണ്ട് തന്നെ സിറ്റിയുടെ സ്കോര് ഇരട്ടിയാക്കി. എവര്ട്ടണിന്റെ പകുതിയില് നിന്നും കെവിന് ഡിബ്രൂയിനെയുടെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഹാലണ്ട് ഗോള് കീപ്പറെ മറികടന്ന് വലയിലെത്തിച്ചു. 85-ാം മിനിറ്റില് പിറന്ന ഗോളിലൂടെ പെപ് ഗ്വാര്ഡിയോളയും ശിഷ്യന്മാരും ആധികാരിക വിജയം ഉറപ്പിച്ചു.
85. YES! THE KDB x HAALAND COMBO IS BACK! 🤩
— Manchester City (@ManCity) February 10, 2024
A lovely through ball picks out Erling who rolls the ball comfortably beyond Pickford 💪
🩵 2-0 🍬 #ManCity https://t.co/D6Nh2UmTfp
വിജയത്തോടെ 23 മത്സരങ്ങളില് നിന്ന് 52 പോയിന്റുമായി സിറ്റി ലീഗില് ഒന്നാമതെത്തി. ഇത്രയും മത്സരങ്ങളില് നിന്ന് 51 പോയിന്റുള്ള ലിവര്പൂളിനെ മറികടന്നാണ് സിറ്റി ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയത്. 24 മത്സരങ്ങളില് നിന്ന് 19 പോയിന്റുള്ള എവര്ട്ടണ് 18-ാം സ്ഥാനത്താണ്.