ചെന്നൈ: ഇന്ത്യന് സൂപ്പര് ലീഗില് ചെന്നൈയിന് എഫ്സി- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള് രഹിതമായി പിരിഞ്ഞു. സൂപ്പര് സ്ട്രൈക്കര് ദിമിത്രിയോസ് ഡയമന്റകോസ് ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായ ആക്രമണങ്ങള് സൃഷ്ടിക്കാനായിരുന്നില്ല. ഇരുഭാഗത്തും വലിയ അവസരങ്ങള് ഇല്ലാതിരുന്നതോടെ വിരസമായാണ് ആദ്യ പകുതി അവസാനിച്ചത്.
മുന്നേറ്റ നിരയിലെ ബ്ലാസ്റ്റേഴ്സിന്റെ ഏക പ്രതീക്ഷയായ ദിമിത്രിയോസ് ഇന്നത്തെ മത്സരത്തില് സ്റ്റാര്ട്ടിങ് ഇലവനിലോ ബെഞ്ചിലോ ഉണ്ടായിരുന്നില്ല. ചെന്നൈയിന് എഫ്സിയുടെ ഹോം തട്ടകമായ ചെന്നൈയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ദിമിക്ക് പകരം ഇഷാന് പണ്ഡിതയ്ക്ക് ആദ്യ ഇലവനില് ഇടം ലഭിച്ചു. ഇഷാനാണ് ലിത്വാനിയന് താരം ഫെഡോര് സെര്നിച്ചിനൊപ്പം മുന് നിരയില് കളിക്കുന്നത്.
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ കൊമ്പന്മാർ ഇന്നിറങ്ങും; ചെന്നൈനും നിർണായകംമധ്യനിരയിലെ മാന്ത്രികന് അഡ്രിയാന് ലൂണയ്ക്ക് പകരക്കാരനായി എത്തിയ ഫെഡോറിന്റെ ചില നീക്കങ്ങള് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസവും പ്രതീക്ഷയും നല്കുന്നത്. എന്നാല് 36-ാം മിനിറ്റില് ബ്ലാസ്റ്റേഴ്സിന്റെ ഗോള് കീപ്പര് സച്ചിന് സുരേഷ് പരിക്കേറ്റ് പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ചെന്നൈയിന്റെ മുന്നേറ്റ താരവുമായി കൂട്ടിമുട്ടി പരിക്കേറ്റ സച്ചിനെ സ്ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന് പകരക്കാരനായി കരണ്ജീത് സിങ് ഗോള്കീപ്പറായി ഇറങ്ങി.