ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗില് ബ്രെന്റ്ഫോഡിനെ പരാജയപ്പെടുത്തി ലിവര്പൂള്. ഒന്നിനെതിരെ നാല് ഗോളുകളുടെ തകര്പ്പന് വിജയമാണ് റെഡ്സ് സ്വന്തമാക്കിയത്. പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പര് താരം മുഹമ്മദ് സലാ ഒരു ഗോളും ഒരു അസിസ്റ്റുമായി ഗംഭീര തിരിച്ചുവരവ് നടത്തി.
Big three points on the road ✊ pic.twitter.com/F4VFKR9AGB
— Liverpool FC (@LFC) February 17, 2024
ബ്രെന്റ്ഫോഡിന്റെ സ്വന്തം തട്ടകമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് സമ്പൂര്ണ ആധിപത്യമാണ് ലിവര്പൂള് പുലര്ത്തിയത്. 35-ാം മിനിറ്റില് ഡാര്വിന് നൂനസിലൂടെയാണ് റെഡ്സ് അക്കൗണ്ട് തുറന്നത്. ഡിയോഗോ ജോട്ടയുടെ അസിസ്റ്റിലൂടെയാണ് ആദ്യ ഗോള് പിറന്നത്. ഇതിന് ശേഷം ഡിയോഗോ ജോട്ടയും കര്ട്ടിസ് ജോണ്സിനും പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നു. ഇവര്ക്ക് പകരക്കാരായി മുഹമ്മദ് സലായും റയാന് ഗ്രവന്ബെര്ച്ചും കളത്തിലെത്തി.
പരിക്ക് മാറിയെത്തിയ സലായുടെ തകര്പ്പന് തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 55-ാം മിനിറ്റില് മാക് അലിസ്റ്റര് ലിവര്പൂളിന്റെ സ്കോര് ഇരട്ടിയാക്കി. സലായുടെ കിടിലന് അസിസ്റ്റാണ് രണ്ടാം ഗോളിന് പിന്നില്. 68-ാം മിനിറ്റില് സലായും ലക്ഷ്യം കണ്ടു. 75-ാം മിനിറ്റില് ഇവാന് ടോണിയിലൂടെ ബ്രെന്റ്ഫോഡ് ഒരു ഗോള് മടക്കിയെങ്കിലും അത് ആശ്വാസ ഗോള് മാത്രമായി മാറി.
🇪🇬👑 pic.twitter.com/dORs63TNpw
— Liverpool FC (@LFC) February 17, 2024
86-ാം മിനിറ്റില് കോഡി ഗാക്പോയും ഗോള് നേടിയതോടെ ലിവര്പൂള് ആധികാരിക വിജയം ഉറപ്പിച്ചു. ലിവര്പൂളിന് 25 മത്സരങ്ങളില് നിന്ന് 57 പോയിന്റാണ് ഉള്ളത്. വിജയത്തോടെ പട്ടികയില് ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്പൂള് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര് സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി ഉയര്ത്തി. 25 പോയിന്റുള്ള ബ്രെന്റ്ഫോഡ് 14-ാം സ്ഥാനത്താണ്.