പനാജി: സന്തോഷ് ട്രോഫിയില് ഗോവയ്ക്കെതിരെ കേരളത്തിന് പരാജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് കേരളം തോല്വി വഴങ്ങിയത്. ഇരുപകുതികളിലുമായി സ്ട്രൈക്കര് നെസിയോ എം ഫെര്ണാണ്ടസാണ് ഗോവയുടെ ഇരുഗോളുകളും സ്വന്തമാക്കിയത്.
ആദ്യ പകുതിയുടെ അവസാന നിമിഷത്തിലാണ് ഗോവയുടെ ആദ്യ ഗോള് പിറക്കുന്നത്. ലൈന് റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും മുഖ്യ റഫറി ഗോള് അനുവദിച്ചത് വിവാദമായി. ഇതിനെതിരെ കേരള താരങ്ങളും കോച്ചിങ് സ്റ്റാഫും പ്രതിഷേധം ഉന്നയിച്ചെങ്കിലും റഫറി തീരുമാനം മാറ്റിയില്ല.
രണ്ടാം പകുതിയിലും കേരളം ആക്രമണം നടത്തിയെങ്കിലും ഗോള് മാത്രം പിറന്നില്ല. 59-ാം മിനിറ്റില് രണ്ടാമതും കേരളത്തിന്റെ വല കുലുങ്ങി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഫെര്ണാണ്ടസ് രണ്ടാം ഗോള് കണ്ടെത്തിയത്. ശ്രീധര്നാഥ് നല്കിയ പാസ് ഗോളിയെ കബളിപ്പിച്ച് ഫെര്ണാണ്ടസ് വലയിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ നാല് പോയിന്റുമായി ഗോവ എ ഗ്രൂപ്പില് രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള സര്വീസസിന് ആറ് പോയിന്റുണ്ട്. മൂന്ന് പോയിന്റുമായി മൂന്നാമതാണ് കേരളം. സര്വീസസ്, അരുണാചല് പ്രദേശ്, മേഘാലയ ടീമുകളുമായാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്. ഗ്രൂപ്പ് എയില് നിന്ന് കൂടുതല് പോയിന്റുകള് സ്വന്തമാക്കുന്ന നാല് ടീമുകളാണ് ക്വാര്ട്ടറില് പ്രവേശിക്കുക.