റിയാദ്: ആരാധകര്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് സസ്പെന്ഷന്. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില് നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്പെന്ഡ് ചെയ്തത്. ഞായറാഴ്ച നടന്ന മത്സരത്തില് അല് നാസറിന്റെ വിജയിച്ചതിന് ശേഷം അല് ഷബാബ് ആരാധകരെയായിരുന്നു റൊണാള്ഡോ അശ്ലീല ആംഗ്യം കാണിച്ചത്. മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഇടുപ്പിന് മുന്നില് കൈ തുടര്ച്ചയായി മുന്നോട്ടു ചലിപ്പിക്കുന്ന ആംഗ്യമാണ് ആരാധകര്ക്ക് നേരെ റൊണാള്ഡോ കാണിച്ചത്. മത്സരത്തില് അല് നസര് 3-2ന് വിജയിച്ചിരുന്നു. അല് ഷഷബാഹ് ആരാധകരുടെ തുടര്ച്ചയായ മെസി മെസി വിളികളാണ് റൊണാള്ഡോയെ പ്രകോപിച്ചതെന്നാണ് ആക്ഷേപം.
സസ്പെന്ഷന് പുറമെ സൗദി ഫുട്ബോള് ഫെഡറേഷന് 10,000 സൗദി റിയാലും അല് ഷബാബിന് 20000 സൗദി റിയാലും റൊണാള്ഡോ നല്കേണ്ടി വരും. സൗദി ഫുട്ബോള് ഫെഡറേഷന്റെ ഡിസിപ്ലിനറി ആന്ഡ് എത്തിക്സ് കമ്മിറ്റിയാണ് ശിക്ഷ വിധിച്ചത്. തീരുമാനത്തില് അപ്പീലിന് പോകാന് റൊണള്ഡോയ്ക്കോ അല് നസറിനോ സാധിക്കില്ലെന്നും ഡിസിപ്ലിനറി ആന്ഡ് എത്തിക്സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ആരോപണവിധേയമായ സംഭവം ടെലിവിഷന് ക്യാമറകള് പകര്ത്തിയിരുന്നില്ല. എന്നാല് റൊണാള്ഡോയുടെ പെരുമാറ്റത്തെ പിന്നീട് മുന് കളിക്കാരും കമന്റേറ്റര്മാരും വിമര്ശിച്ചിരുന്നു. താന് കാണിച്ചത് യൂറോപ്പില് വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ സാധാരണമാണെന്നുമായിരുന്നു റൊണാള്ഡോയുടെ വാദം. എന്നാല് ഈ വാദം ഡിസിപ്ലിനറി ആന്ഡ് എത്തിക്സ് കമ്മിറ്റി അംഗീകരിച്ചില്ല.