ന്യൂഡല്ഹി: ഇന്ത്യന് സൂപ്പര് ലീഗില് പഞ്ചാബ് എഫ്സി- എഫ്സി ഗോവ മത്സരം സമനിലയില്. ന്യൂഡല്ഹിയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. അടിയും തിരിച്ചടിയുമായി ആവേശകരമായ മത്സരത്തിലാണ് നാലാം സ്ഥാനക്കാരായ ഗോവയെ എട്ടാം സ്ഥാനക്കാരായ പഞ്ചാബ് സമനിലയില് തളച്ചത്.
പഞ്ചാബ് എഫ്സിയുടെ ഹോം തട്ടകത്തില് നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റില് ഗോവയാണ് ആദ്യം മുന്നിലെത്തിയത്. കാള് മക്ഹ്യൂ ആണ് ഗോവയുടെ ആദ്യ ഗോള് നേടിയത്. ആദ്യ പകുതിയിലുടനീളം ലീഡ് കാത്തുസൂക്ഷിക്കാന് ഗോവയ്ക്ക് സാധിച്ചു. എന്നാല് രണ്ടാം പകുതിയുടെ തുടക്കത്തില് തന്നെ പഞ്ചാബ് ഗോള് മടക്കി. 54-ാം മിനിറ്റില് വില്മര് ജോര്ദാന് ഗില്ലാണ് ആതിഥേയരുടെ സമനില ഗോള് നേടിയത്.
പിന്നാലെ 61-ാം മിനിറ്റില് ലൂക മജ്സെനിലൂടെ പഞ്ചാബ് ലീഡ് എടുത്തു. എന്നാല് പത്ത് മിനിറ്റുകള്ക്കുള്ളില് ഗോവ ഒപ്പമെത്തി. 72-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് നോഹ സദൗയിയാണ് സന്ദര്ശകരുടെ സമനില ഗോള് നേടിയത്. എന്നാല് വീണ്ടും ലീഡ് നില മാറി. 78-ാം മിനിറ്റില് ജുവാന് മെര പഞ്ചാബിന്റെ മൂന്നാം ഗോള് നേടി. 84-ാം മിനിറ്റില് കാര്ലോസ് മാര്ട്ടിനസ് ഗോള് നേടിയതോടെ ഗോവ പരാജയം ഒഴിവാക്കി.
സമനിലയോടെ ഗോവ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 18 മത്സരങ്ങളില് നിന്ന് 33 പോയിന്റാണ് ഗോവയുടെ സമ്പാദ്യം. 19 മത്സരങ്ങളില് നിന്ന് 21 പോയിന്റുള്ള പഞ്ചാബ് ഏഴാമതാണ്.