കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗില് ഇന്ന് ഇന്ത്യന് 'എല് ക്ലാസികോ'. കേരള ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ മോഹന് ബഗാനെതിരെ സ്വന്തം തട്ടകത്തില് ഇറങ്ങുമ്പോള് കളിക്കളവും ഗാലറിയും തീപിടിക്കുമെന്നുറപ്പാണ്. കൊച്ചി ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് വൈകിട്ട് 7.30നാണ് കിക്കോഫ്.
നിലവിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായ മോഹന് ബഗാനെതിരെ അഭിമാനപോരാട്ടത്തിന് ഇറങ്ങുമ്പോള് വിജയത്തില് കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് മുന്നിലില്ല. അവസാന മത്സരത്തില് ബെംഗളൂരു എഫ്സിയോട് ഏറ്റുവാങ്ങിയ പരാജയത്തില് നിന്ന് കരകയറുന്നതിലുപരി ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കേണ്ടതുണ്ട്. മോഹന് ബഗാനെതിരെ വിജയം സ്വന്തമാക്കിയാല് ബ്ലാസ്റ്റേഴ്സിന് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര് നേരിട്ട് സെമി ഫൈനലിലെത്തും. മൂന്ന് മുതല് ആറ് വരെയുള്ള സ്ഥാനക്കാര് പ്ലേ ഓഫില് പരസ്പരം ഏറ്റുമുട്ടി സെമി യോഗ്യത നേടണം. 17 മത്സരങ്ങളില് നിന്ന് 29 പോയിന്റുമായി പട്ടികയില് അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. മോഹന് ബഗാനെതിരെ വിജയിച്ചാല് ബാക്കി മത്സരങ്ങളില് വിജയമില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന് ആദ്യ ആറില് ഫിനിഷ് ചെയ്യാം.
അവസാന മത്സരത്തില് ബെംഗളൂരു എഫ്സിക്കെതിരെ ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നിരാശയിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികള്ക്കുമുന്നില് ഇറങ്ങുന്നത്. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവയില് നടന്ന അഭിമാനപോരാട്ടത്തില് അവസാന നിമിഷം വരെ ഒപ്പം നിന്നെങ്കിലും പ്രതിരോധപ്പിഴവില് കൊമ്പന്മാര് ഗോള് വഴങ്ങുകയായിരുന്നു.
എന്നാല് മറുവശത്ത് തോല്വിയറിയാതെ മുന്നേറുകയാണ് അന്റോണിയോ ലോപ്പസ് ഹബാസിന്റെ മോഹന് ബഗാന്. എന്നാല് കൊച്ചിയില് ബ്ലാസ്റ്റേഴ്സിനെ കീഴടക്കുക എന്നത് നിസ്സാര കാര്യമല്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തം തട്ടകത്തില് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഗോവയ്ക്കെതിരെ കൊച്ചിയില് നടന്ന മത്സരത്തില് അവിശ്വസനീയ വിജയം നേടിയതിന്റെ ചെറുതല്ലാത്ത ആവേശവും ആത്മവിശ്വാസവും കൊമ്പന്മാര്ക്കും അവരുടെ മഞ്ഞപ്പടയ്ക്കുമുണ്ട്. കൊച്ചിയില് അവര് മുമ്പ് കളിച്ച ഒമ്പത് മത്സരങ്ങളില് ഓരോ ഗോളെങ്കിലും നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന് മലയാളി മിഡ്ഫീല്ഡര് സഹല് അബ്ദുല് സമദ് മോഹന് ബഗാനിലേക്ക് കൂടുമാറിയ ശേഷം ആദ്യമായി കൊച്ചിയില് കളിക്കാനെത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 12 മത്സരങ്ങളില് നിന്ന് ഒരു ഗോളും നാല് അസിസ്റ്റുമാണ് മോഹന് ബഗാന് ജഴ്സിയില് സഹലിന്റെ സമ്പാദ്യം.