ഷെരീഫ് മുഹമ്മദ് അവസാന മിനുറ്റിൽ നേടിയ പെനാൽറ്റി ഗോളിലൂടെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. 150-ാം അന്താരഷ്ട്ര മത്സരത്തിന് ഗുവാഹത്തിയിലിറങ്ങിയ സുനിൽ ഛേത്രി കളിയുടെ 37-ാം മിനുറ്റിൽ തൻ്റെ 94-ാം അന്താരാഷ്ട്ര ഗോൾ നേടി. എന്നാൽ 70-ാം മിനിറ്റിൽ റഹ്മത്ത് അക്ബരി അഫ്ഗാനിസ്ഥാന് സമനില നേടികൊടുത്തു. ശേഷം അവസാന നിമിഷം നേടിയ പെനാൽറ്റി ഗോളിലൂടെ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ മറികടന്നു.
അഫ്ഗാനിസ്ഥാൻ്റെ പ്രതിരോധ താരം ഹാറൂൺ അമിരിയുടെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. മൻവീർ വലത് വശത്ത് നിന്നും പന്ത് സ്വീകരിച്ച് ഛേത്രിക്ക് നൽകിയ ക്രോസ്സ് അമീരിയുടെ കൈയിൽ തടഞ്ഞു. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കാണികൾക്ക് ആവേശം പകർന്നുകൊണ്ട് സുനിൽ ഛേത്രി പെനാൽറ്റി ആത്മവിശ്വാസത്തോടെ ഗോളാക്കി മാറ്റി. കളിയുടെ ആദ്യ പകുതിയിൽ ലീഡ് നേടിയിട്ടും കളി പിടിക്കാൻ കഴിയാത്ത ഇന്ത്യൻ ടീമിന്റെ ദുർബലത തുറന്നുകാട്ടുന്നതായിരുന്നു മത്സരം. ലീഡ് നേടിയതോടെ പൂർണ്ണമായി പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞതും തിരിച്ചടിയായി.