പാരീസില് 'ബാഴ്സ ബ്ലാസ്റ്റ്'; ആദ്യ പാദത്തിലെ ആവേശപ്പോരില് പിഎസ്ജിക്ക് പരാജയം

പിഎസ്ജിയുടെ തട്ടകത്തില് ബാഴ്സയാണ് ആദ്യം ലീഡെടുത്തത്

dot image

പാരീസ്: പാരീസിലെ ആവേശപ്പോരില് പിഎസ്ജിക്കെതിരെ ബാഴ്സലോണയ്ക്ക് വിജയം. യുവേഫ ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനല് ആദ്യ പാദ മത്സരത്തില് പിഎസ്ജിയെ അവരുടെ തട്ടകത്തില് പരാജയപ്പെടുത്താന് ബാഴ്സയ്ക്ക് സാധിച്ചു. ലീഡ് നില മാറിമറിഞ്ഞ പോരാട്ടത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള് നേടി കളിയിലെ താരമായ മത്സരത്തില് കിസ്റ്റന്സണാണ് ബാഴ്സയുടെ വിജയ ഗോള് നേടിയത്.

പിഎസ്ജിയുടെ തട്ടകത്തില് ബാഴ്സയാണ് ആദ്യം ലീഡെടുത്തത്. 37-ാം മിനിറ്റില് റാഫീഞ്ഞയിലൂടെയാണ് ബാഴ്സ മുന്നിലെത്തിയത്. വലതുവിങ്ങില് നിന്ന് ലാമിന് യമാല് നല്കിയ ക്രോസ് കൈയ്യിലൊതുക്കാന് ഗോള് കീപ്പര് ഡൊണ്ണരുമ്മയ്ക്ക് സാധിച്ചില്ല. അവസരം മുതലെടുത്ത റാഫീഞ്ഞ പന്ത് വലയിലെത്തിച്ചു.

ആദ്യ പകുതി ബാഴ്സയ്ക്ക് അനുകൂലമായി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയില് കാര്യങ്ങള് മാറി. രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്ക്കകം പിഎസ്ജി തിരിച്ചടിച്ചു. 48-ാം മിനിറ്റില് മുന് ബാഴ്സലോണ താരം കൂടിയായ ഉസ്മാന് ഡെംബലെയാണ് പിഎസ്ജിയുടെ സമനില ഗോള് നേടിയത്. തൊട്ടുപിന്നാലെ 50-ാം മിനിറ്റില് വിറ്റിഞ്ഞയിലൂടെ പിഎസ്ജി ലീഡെടുത്തു.

ലീഡ് വഴങ്ങിയതോടെ സാവി പെഡ്രിയെ കളത്തിലിറക്കി. 62-ാം മിനിറ്റില് പെഡ്രി നല്കിയ ക്ലാസ് ലോങ് പാസ് മനോഹരമായി ഫിനിഷ് ചെയ്ത് റഫീഞ്ഞ ബാഴ്സയെ ഒപ്പമെത്തിച്ചു. സമനില പിടിച്ചതോടെ ആന്ദ്രേയാസ് ക്രിസ്റ്റന്സണെയും സാവി പകരക്കാരനായി കളത്തിലിറക്കി. അധികം വൈകാതെ തന്നെ ക്രിസ്റ്റന്സണ് ബാഴ്സയെ മുന്നിലെത്തിച്ചു. 77-ാം മിനിറ്റില് ലഭിച്ച ഒരു കോര്ണറില് നിന്നാണ് താരം ബാഴ്സയുടെ മൂന്നാം ഗോള് നേടിയത്. ഇത് ബാഴ്സയുടെ വിജയഗോളായി മാറുകയും ചെയ്തു.

dot image
To advertise here,contact us
dot image