മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെ വീഴ്ത്തി ബയേൺ മ്യൂണിക് സെമിയിൽ. ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാദ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിന്റെ വിജയം. 63-ാം മിനിറ്റിൽ ജോഷ്വ കിമ്മിഷ് ബയേണിനായി വലചലിപ്പിച്ചു. ആദ്യ പാദത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. രണ്ട് പാദങ്ങളിലായി 3-2നാണ് ബയേണിന്റെ വിജയം.
ചാമ്പ്യൻസ് ലീഗിന്റെ സെമി ലൈനപ്പും പൂർത്തിയായി. ഏപ്രിൽ 30ന് നടക്കുന്ന ആദ്യ പാദ സെമിയിൽ ബയേൺ മ്യൂണിക് റയൽ മാഡ്രിഡിനെ നേരിടും. നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയാണ് റയലിന്റെ സെമി പ്രവേശനം. അന്ന് തന്നെ നടക്കുന്ന മറ്റൊരു സെമിയിൽ ഫ്രഞ്ച് ക്ലബ് പി എസ് ജി ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ നേരിടും.
യുവേഫ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിയെ 'ഇത്തിഹാദിൽ' തീർത്ത് റയൽ മാഡ്രിഡ് സെമിയിൽരണ്ടാം പാദ സെമി ഫൈനൽ മത്സരങ്ങൾ മെയ് ഏഴിനാണ്. ജൂൺ രണ്ടിനാണ് യൂറോപ്പിന്റെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുക. കരിയറിലെ ആദ്യ കിരീടത്തിനായി കാത്തിരിക്കുന്ന ഹാരി കെയ്നും പി എസ് ജിയ്ക്കായി ചാമ്പ്യൻസ് ലീഗ് ഉയർത്താൻ തയ്യാറെടുക്കുന്ന കിലിയൻ എംബാപ്പെയുമൊക്കെ മത്സരിക്കുമ്പോൾ ഇനി മത്സരം കടുക്കുമെന്നുറപ്പ്.