ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് വീണ്ടും തകർപ്പൻ ജയം. ന്യൂ ഇംഗ്ലണ്ടിനെ 4-1നാണ് മെസ്സിപ്പട തകർത്തത്. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മെസ്സി കളിയിലെ താരമായി. വിജയത്തോടെ പോയിന്റ് ടേബിളിൽ മയാമി ടീം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ മിനിറ്റിൽ തന്നെ വഴങ്ങിയ ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഇന്റർ മയാമിയുടെ സൂപ്പർ പ്രകടനം. മത്സരം തുടങ്ങി 30ാം സെക്കൻഡിൽ തോമസ് ചാൻസലയിയിലൂടെയാണ് ന്യൂ ഇംഗ്ലണ്ട് ലീഡ് എടുത്തത്. എന്നാൽ, ഇതിന് മറുപടിയായി 32ാം മിനുട്ടിൽ മെസ്സിയുടെ ഗോളെത്തി. റോബർട്ട് ടെയ്ലറിന്റെ പാസ്സ് ബോക്സിനകത്ത് സ്വീകരിച്ച മെസ്സി പിഴക്കാതെ ലക്ഷ്യം കാണുകയായിരുന്നു.
67ാം മിനുട്ടിൽ മെസ്സിയുടെ രണ്ടാംഗോളും പിറന്നു. ബുസ്കറ്റ്സ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ചാണ് മെസ്സി തന്റെ രണ്ടാം ഗോൾ നേടിയത്. ഇതോടെ മയാമി മുന്നിലെത്തി. 83ാം മിനുട്ടിൽ ബെഞ്ചമിൻ ക്രെമാസ്ചി മയാമിയുടെ മൂന്നാംഗോൾ നേടി. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 88ാം മിനുട്ടിൽ ലൂയി സുവാരസും ലക്ഷ്യം കണ്ടു. മെസ്സിയുടെ അസിസ്റ്റിലൂടെയായിരുന്നു സുവാരസിന്റെ ഗോൾ. ഇതോടെ 4-1ന് ഇന്റർമയാമിക്ക് വിജയം. പോയിന്റ് ടേബിളിലെ ഒന്നാംസ്ഥാനം നിലനിർത്തുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തിൽ നാഷ് വില്ലയെ 3-1ന് ഇന്റർമയാമി പരാജയപ്പെടുത്തിയിരുന്നു. മെസ്സി അന്നും ഇരട്ട ഗോൾ നേടി. മേയ് അഞ്ചിന് ന്യൂയോർക് റെഡ് ബുൾസുമായാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.
നീല കുപ്പായത്തിൽ അരങ്ങേറ്റത്തിനൊരുങ്ങി ആശയും സജനയും;ഇന്ത്യ-ബംഗ്ലാദേശ് ടി20 ഇന്ന്