കൊൽക്കത്ത: ഐഎസ്എൽ മോഹൻ ബഗാൻ-ഒഡിഷ എഫ്സി സെമി ഫൈനൽ രണ്ടാം പാദ മത്സരം ഇന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. പത്താം സീസണിലെ ഫൈനലിസ്റ്റുകളിലൊന്നിനെ തീരുമാനിക്കുന്ന മത്സരം ഇരുടീമുകൾക്കും ജീവന്മരണ പോരാട്ടമാണ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം പാദ സെമിയുടെ തുടക്കത്തിൽ തന്നെ മുന്നിലെത്തിയ ബഗാൻ പിന്നീട് രണ്ട് ഗോൾ വഴങ്ങി ആതിഥേയരായ ഒഡീഷയോട് 2-1ന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.
ഐഎസ്എൽ ഈ സീസണിന്റെ ഷീൽഡ് കിരീടം നേടിയ മോഹൻ ബഗാന് ഒഡീഷക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡല്ല ഇക്കുറി. ഇരുടീമുകളും പരസ്പരം ഏറ്റ് മുട്ടിയ അഞ്ചു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമേ ബഗാന് വിജയിക്കാൻ കഴിഞ്ഞുള്ളൂ. രണ്ട് മത്സരങ്ങൾ സമനിലയിലവസാനിക്കുകയും ചെയ്തിരുന്നു. മികച്ച ഫോമിൽ ഗോൾ വേട്ടയിൽ മുന്നേറുന്ന ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷണയാണ് ഒഡീഷയുടെ തുറുപ്പ് ചീട്ട്. മൈതാന മധ്യത്ത് മുന്നേറ്റത്തിലേക്കുള്ള നീക്കങ്ങൾക്ക് തുടക്കമിടുന്ന ജോണി കൗക്കോയാണ് ബഗാന്റെ പ്രതീക്ഷ.
ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീം കൂടിയാണ് മോഹൻ ബഗാൻ. 2020-21 സീസണിൽ റണ്ണേഴ്സായി. 2021-22 സീസണിൽ സെമിഫൈനലിസ്റ്റുകളായി. 2014 സീസൺ മുതൽ ഐഎസ്എൽ കളിക്കുന്ന ഒഡീഷയ്ക്ക് ഇത് വരെ ഐഎസ്എൽ കിരീടം നേടാനായിട്ടില്ല. ഇന്ന് മോഹൻ ബഗാനെ തോൽപ്പിച്ച് ഫൈനലിലെത്തിയാൽ ഐഎസ്എൽ ചരിത്രത്തിൽ ഒഡീഷയുടെ ആദ്യ ഫൈനൽ ബെർത്ത് കൂടിയാകും. 2015 സീസണിലും 2016 സീസണിലും സെമിയിലെത്തിയ ഒഡീഷ കഴിഞ്ഞ സീസണിലും സെമിയിലെത്തിയെങ്കിലും കലാശ പോരാട്ടത്തിലേക്ക് കടക്കാനായില്ല.