ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്ളാമർ ക്ലൈമാക്സിലേക്ക് അടുക്കവേ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന നിർണ്ണായക മത്സരത്തിൽ ടോട്ടൻഹാമിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സിറ്റി ആഴ്സണലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 88 പോയിന്റാണ് സിറ്റിക്കുള്ളത്. അത്രയും മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ആഴ്സണലിനുള്ളത്. ഇരു ടീമിനും ഒരു കളി മാത്രം ബാക്കി നിൽക്കെ അടുത്ത മത്സരം കൂടി വിജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം.
ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കളിയുടെ രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. 50-ാം മിനുറ്റിൽ ഡി ബ്രൂയ്ൻ പാസിൽ ഹാലണ്ടാണ് ഗോൾ നേടിയത്. 90-ാം മിനുറ്റിൽ കിട്ടിയ പെനാൽറ്റി അവസരത്തിലൂടെ സിറ്റി ഗോൾ നേട്ടം രണ്ടാക്കി. ലീഗിൽ സിറ്റിക്ക് ഇനി വെസ്റ്റ് ഹാമിനെതിരെയും ആഴ്സണലിന് എവർട്ടണിനെതിരെയുമാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും തോൽവി അറിയാത്ത ടീമാണ് എവർട്ടൺ. ആഴ്സണലും കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.
മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നത് തങ്ങളുടെ എട്ടാം കിരീടമാണ്. തുടർച്ചയായ നാലാം കിരീടവും. എന്നാൽ 2003-04 സീസണിൽ അവസാനമായി കിരീടം നേടിയ ആഴ്സണലിന് പിന്നീട് ഒരിക്കലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ മൂന്ന് തവണയാണ് ആഴ്സണൽ കിരീടം നേടിയിട്ടുള്ളത്.
യൂറോപ്യൻ ക്ലബ് ഫുട്ബോൾ;ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഹാരി കെയ്ൻ ഏറെ മുന്നിൽ