ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ജൂൺ ആറിന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷമാവും താരം അന്താരാഷ്ട്ര ജേഴ്സിയിൽ നിന്നും പടിയിറങ്ങുക. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ദിവസം ഞാനിപ്പോഴും ഓർക്കുന്നു. ദേശീയ ജേഴ്സി കൈകളിൽ കിട്ടിയ ഉടനെ ഞാൻ അതിൽ പെർഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വർഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാൻ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവർക്കും നന്ദി' വിരമിക്കൽ കുറിപ്പിൽ ഛേത്രി എഴുതി.
ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയ താരം നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ചവരുടെ പട്ടികയിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ്. പോർച്ചുഗൽ താരം ക്രിസ്റ്റാനോ റൊണാൾഡോ, അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി എന്നിവർക്ക് മാത്രം പിന്നിലാണ് ഛേത്രി ഈ നേട്ടത്തിൽ. 2002 ൽ മോഹൻ ബഗാനിലൂടെയാണ് താരം കരിയർ തുടങ്ങുന്നത്. യുഎസ്എയുടെ കൻസാസ് സിറ്റി വിസാർഡ്സ് ,പോർച്ചുഗലിൻ്റെ സ്പോർട്ടിംഗ് സിപി റിസർവ്സ് എന്നീ ക്ലബുകൾക്ക് കളിച്ച ഛേത്രി ഇന്ത്യയിലേക്ക് തിരിച്ചു വന്ന ശേഷം ഈസ്റ്റ് ബംഗാൾ, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എൽ (2019), സൂപ്പർ കപ്പ് (2018) തുടങ്ങിയ കിരീടങ്ങൾ ഉയർത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യൻഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.
സിക്സർ പ്രളയം; പ്ളേ ഓഫിന് മുന്നേ തന്നെ ഏറ്റവും കൂടുതൽ സിക്സർ പിറന്ന സീസണായി 'ഐപിഎൽ പതിനേഴാം സീസൺ'