ലണ്ടന്‍: എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാര്. കലാശപ്പോരില്‍ ചിരവൈരികളായ സിറ്റിയെ വീഴ്ത്തിയാണ് യുണൈറ്റഡ് എഫ് എ കപ്പില്‍ മുത്തമിട്ടത്. വെംബ്ലിയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. യുണൈറ്റഡിന് വേണ്ടി അലെജാന്‍ഡ്രോ ഗര്‍നാചോയും കോബി മൈനോയും ഗോള്‍ നേടിയപ്പോള്‍ ജെറെമി ഡോകു സിറ്റിയുടെ ആശ്വാസഗോള്‍ നേടി.
UNITED HAVE DONE IT!!! 🏆#MUFC || #FACupFinal
— Manchester United (@ManUtd) May 25, 2024
മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് യുണൈറ്റഡ് ആദ്യ ഗോള്‍ നേടിയത്. 19കാരന് അലെജാന്‍ഡ്രോ ഗര്‍നാചോയാണ് ചുവന്ന ചെകുത്താന്മാരെ മുന്നിലെത്തിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് ഇരട്ടിയാക്കാന്‍ യുണൈറ്റഡിന് സാധിച്ചു. 39-ാം മിനിറ്റിൽ ബ്രൂണോ ഫര്‍ണാണ്ടസിന്റെ പാസില്‍ കോബി മൈനൂവാണ് വലകുലുക്കിയത്.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കണമെന്ന് ഉറച്ചാണ് ഗ്വാര്‍ഡിയോള പടയെ ഇറക്കിയത്. സിറ്റി ആക്രമണം കടുപ്പിച്ചതോടെ 55-ാം മിനിറ്റില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. കൈല്‍ വാക്കറിന്റെ മറ്റൊരു ഷോട്ട് ഒനാനയുടെ കൈകളില്‍ അവസാനിച്ചു.
THIRTEEN TIMES 🏆#MUFC || #FACupFinal pic.twitter.com/UT5ZBjCsnQ
— Manchester United (@ManUtd) May 25, 2024
ഇതിനിടെ യുണൈറ്റഡിന്റെ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന് പരിക്കേറ്റ് കളം വിടേണ്ടിവന്നു. 87-ാം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി ബോക്സിന് പുറത്തുള്ള ഷോട്ടില്‍ നിന്ന് ജെറെമി ഡോകുവാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 13-ാമത് എഫ് എ കപ്പാണിത്. കിരീടത്തോടെ യൂറോപ്പ ലീഗ് യോഗ്യത നേടാന്‍ യുണൈറ്റഡിന് കഴിഞ്ഞു. പ്രീമിയര്‍ ലീഗിലെ എട്ടാം സ്ഥാനത്തിന് എഫ് എ കപ്പുയര്‍ത്തി മറുപടി നല്‍കിയിരിക്കുകയാണ് കോച്ച് എറിക് ടെന്‍ ഹാഗ്.