റൊണാള്ഡോയ്ക്കും അല് നസറിനും 'സഡന് ഡെത്ത്'; കിങ്സ് കപ്പില് അല് ഹിലാല് ചാമ്പ്യന്മാര്

മത്സരശേഷം കരഞ്ഞുകൊണ്ടാണ് റൊണാള്ഡോ കളം വിട്ടത്

dot image

റിയാദ്: കിങ്സ് കപ്പില് അല് ഹിലാല് ചാമ്പ്യന്മാര്. കലാശപ്പോരില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ അല് നസറിനെ തകര്ത്താണ് അല് ഹിലാല് കിങ്സ് കപ്പില് മുത്തമിട്ടത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തില് നടന്ന ഫൈനലില് സഡന് ഡെത്തിലാണ് റൊണാള്ഡോയും സംഘവും അടിയറവ് പറഞ്ഞത്. ഇതോടെ 2023-24 സീസണ് ഒരു കിരീടം പോലുമില്ലാതെ റൊണാള്ഡോയ്ക്കും അല് നസറിനും അവസാനിപ്പിക്കേണ്ടി വന്നു. മത്സരശേഷം കരഞ്ഞുകൊണ്ടാണ് റൊണാള്ഡോ കളം വിട്ടത്.

ആവേശം നിറഞ്ഞ കലാശപ്പോരിന്റെ നിശ്ചിത സമയത്തില് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. മത്സരത്തിന്റെ ഏഴാം മിനിറ്റില് അലെക്സാണ്ടര് മിട്രോവിച്ചിലൂടെ അല് ഹിലാല് ലീഡെടുത്തു. 88-ാം മിനിറ്റിലാണ് അല് നസറിന്റെ സമനില ഗോള് വരുന്നത്. അയ്മന് യഹിയയാണ് അല് നസറിനെ ഒപ്പമെത്തിച്ചത്. ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാള്ഡോ ബൈസിക്കിള് കിക്കിലൂടെ അമ്പരപ്പിച്ചെങ്കിലും ഗോളായില്ല.

മത്സരത്തില് മൂന്ന് റെഡ് കാര്ഡുകളാണ് കണ്ടത്. 56-ാം മിനിറ്റില് അല് നസറിന്റെ ഗോള് കീപ്പര് ഒസ്പിന റെഡ് കാര്ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ അല് നസര് പത്ത് പേരായി ചുരുങ്ങി. 87-ാം മിനിറ്റില് അല് ഹിലാല് താരം അല് ബുലൈഹിക്ക് റെഡ് കാര്ഡ് ലഭിച്ചതോടെ ടീം പത്ത് പേരായി ചുരുങ്ങി. പിന്നാലെയാണ് അല് ഹിലാല് ലീഡ് കൈവിട്ടത്. 88-ാം മിനിറ്റില് അല് നസറിന്റെ സമനില ഗോള് പിറക്കുകയും തൊട്ടടുത്ത മിനിറ്റില് മൂന്നാമത്തെ റെഡ് കാര്ഡ് കാണുകയും ചെയ്തു. അല് ഹിലാലിന്റെ കലിഡൗ കൗലിബാലിക്ക് റെഡ് കാര്ഡ് ലഭിച്ചതോടെ അല് നസര് ഒന്പത് പേരായി ചുരുങ്ങി.

നിശ്ചിത സമയത്ത് സ്കോര് സമനിലയില് തുടര്ന്നതോടെ കളി 30 മിനിറ്റ് അധിക സമയത്തേക്ക് കടന്നു. അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയില് തുടര്ന്നതോടെ കളി പെനാല്റ്റി ഷൂട്ടൗട്ടിലെത്തി. ആവേശകരമായ ഷൂട്ടൗട്ടില് 5-4 ന് അല് നസറിനെ മറികടന്ന് അല് ഹിലാല് കിങ് കപ്പ് ഓഫ് ചാമ്പ്യന്സ് കിരീടവും സ്വന്തമാക്കി.

dot image
To advertise here,contact us
dot image