ദോഹ: 2026 ഫിഫ ലോകകപ്പില് ഇന്ത്യന് പ്രതീക്ഷകള് പൊലിഞ്ഞു. യോഗ്യത റൗണ്ടില് ഖത്തറിനെതിരായ നിര്ണായക മത്സരത്തില് ഇന്ത്യ പരാജയം വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യപകുതിയില് മുന്നിലെത്തിയ ഇന്ത്യ വിവാദ ഗോളില് ലീഡ് കൈവിടുകയായിരുന്നു.
മുന് ക്യാപ്റ്റന് സുനില് ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആദ്യ മത്സരത്തില് ഗോള്കീപ്പര് ഗുര്പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്. ഖത്തറില് നടക്കുന്ന മത്സരത്തിലെ ആദ്യപകുതിയില് മികച്ച പ്രകടനം കാഴ്ചവെക്കാന് നീലപ്പടയ്ക്ക് സാധിച്ചു. ആദ്യ പകുതിയില് മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെച്ചത്. ഖത്തര് പ്രതിരോധനിരയെ നിരന്തരം പരീക്ഷിക്കാന് ഇന്ത്യന് മുന്നേറ്റനിരയ്ക്ക് സാധിച്ചു.
ചാങ്തെയും റഹീം അലിയും ഗോളവസരങ്ങള് സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ശേഷം മത്സരത്തിന്റെ 37ാം മിനിറ്റിലാണ് ഗോള് വരുന്നത്. ബ്രാണ്ടന് ഫര്ണാണ്ടസിന്റെ പാസ് ചാങ്തെ കൃത്യമായി വലയിലെത്തിച്ചു. ഗോളിന് ശേഷവും ലീഡ് ഉയര്ത്താന് ബ്ലൂ ടൈഗേഴ്സ് പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഫിഫ ലോകകപ്പ് യോഗ്യത; ഖത്തറിനെതിരായ ആദ്യ പകുതിയില് ഇന്ത്യ മുന്നില്രണ്ടാം പകുതിയില് ഖത്തര് കൂടുതല് ആക്രമിച്ച് കളിക്കാന് തുടങ്ങി. 73-ാം മിനിറ്റിലാണ് വിവാദപരമായ ഗോള് പിറന്നത്. ഗുര്പ്രീത് സിങ് സന്ധു തടുത്തിട്ട പന്ത് ബൗണ്ടറി ലൈന് കടന്നു. എന്നാല് ഉടന് തന്നെ ഖത്തര് താരങ്ങള് വീണ്ടും അകത്തേക്ക് തട്ടിയിടുകയും വലയിലെത്തിക്കുകയും ചെയ്തു. യൂസഫ് അയ്മെന് നേടിയ ഗോള് നിഷേധിക്കണമെന്ന് ഇന്ത്യന് താരങ്ങള് റഫറിയോട് ആവശ്യപ്പെട്ടെങ്കിലും ഗോള് അനുവദിക്കുകയായിരുന്നു. ഇതോടെ ഖത്തര് സമനില നേടി.
ലീഡ് കൈവിട്ടതോടെ ഇന്ത്യ പതറി. 85-ാം മിനിറ്റില് ഖത്തര് മുന്നിലെത്തുകയും ചെയ്തു. അല് റാവി നേടിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള് അവസാനിപ്പിച്ചത്. പരാജയത്തോടെ ഇന്ത്യ ആറ് മത്സരങ്ങളില് നിന്ന് അഞ്ച് പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.