മ്യൂണിച്ച്: യൂറോകപ്പിലെ തന്നെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടമാണ് സ്പെയിനും ക്രൊയേഷ്യയും തമ്മിലുള്ളത്. യൂറോകപ്പിലെ കടുപ്പമേറിയ ബി ഗ്രൂപ്പിലാണ് ഇരു വമ്പന്മാർ കൊമ്പുകോർക്കുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9:30 നാണ് മത്സരം. ഇറ്റലിയും അൽബേനിയയുമാണ് ഗ്രൂപ്പിലെ മറ്റുടീമുകൾ. കഴിഞ്ഞവർഷം നേഷൻസ് ലീഗ് ഫൈനലിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിൽ ജയം സ്പെയിനിനൊപ്പമായിരുന്നു. മൂന്നുതവണ കിരീടം നേടിയിട്ടുള്ള സ്പെയിൻ കഴിഞ്ഞതവണ സെമിയിലാണ് കീഴടങ്ങിയത്. ലൂയി ഡെ ഫ്യൂന്തെ പരിശീലിപ്പിക്കുന്ന സ്പാനിഷ് ടീം താര സമ്പന്നമാണ്. ഇത്തവണ യുവതാരങ്ങൾക്കാണ് കോച്ച് പ്രാധാന്യം നൽകിയിട്ടുള്ളത്.
പന്ത് കൈവശംവെച്ച് കളിക്കുന്ന രീതി തന്നെയാണ് ഫ്യൂന്തെയും തുടരുന്നത്. എന്നാൽ, സമീപ കാല മത്സരങ്ങളിൽ കൂടുതൽ സ്കോർ ചെയ്യാനായത് ആത്മവിശ്വാസമേകും. 4-3-3 ശൈലിയിലാകും ടീം കളിക്കുന്നത്. നിക്കോ വില്യംസ്-അൽവാരോ മൊറാട്ട-ലാമിനെ യമാൽ സഖ്യം മുന്നേറ്റനിരയിലിറങ്ങും. മധ്യനിരയിൽ റോഡ്രിയുടെ സാന്നിധ്യമാണ് കരുതാവുക. റോഡ്രിക്ക് പുറമെ ഫാബിയൻ റൂസും ഡാനി ഒൽമോയുമുണ്ടാകും. ഡാനി കർവ്ജാലും എയ്മറിക് ലാപോർട്ടോയുമാവും പ്രതിരോധത്തിന് നേതൃത്വം നൽകുക.
മറുവശത്ത് ഒത്തിണക്കമാണ് ക്രൊയേഷ്യയുടെ കരുത്ത്. മാറ്റമില്ലാത്ത ടീമുമായാണ് വര്ഷങ്ങളോളം ക്രൊയേഷ്യ കളിക്കുന്നത്. ലൂക്ക മോഡ്രിച്ച്-മാറ്റിയോ കൊവാസിച്ച്-മാഴ്സലോ ബ്രോസോവിച്ച് എന്നിവർ കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. മുന്നേറ്റത്തിൽ ഇവാൻ പെരിസിച്ച്-ബ്രൂണോ പെറ്റ്കോവിച്ച്-ആന്ദ്രെ ക്രമാറിച്ച് ത്രയവും പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ ലോകകപ്പിലടക്കം മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇടതുവിങ്ബാക്ക് ജോസ്കോ ഗ്വാർഡിയോൾ കോച്ച് സ്ലാറ്റ്കോ ഡാലിച്ചിന്റെ പ്രധാന ആയുധമാണ്. അർജന്റീനയ്ക്കെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ മെസ്സിയെ പിടിച്ച്കെട്ടാൻ കോച്ച് നിയോഗിച്ചത് ഗ്വാർഡിയോളിനെ ആയിരുന്നു.