യൂറോ കപ്പിലെ ആദ്യ ഗ്ലാമർ പോരാട്ടം കണ്ട വേദി. സ്പാനിഷ് നിരയ്ക്ക് ക്രൊയേഷ്യ എതിരാളി. അൽവാരോ മൊറോട്ട നയിക്കുന്ന സ്പെയിൻ ടീം. ഫാബിയൻ റൂയിസ്, പെഡ്രി, ഡാനി കർവജാൽ, റോഡ്രി, നിക്കോ വില്യംസ് തുടങ്ങിയവർ അണിനിരക്കുന്ന നിര. ഇവർക്കൊപ്പം ചരിത്രനേട്ടവുമായി ഒരു കൗമാരക്കാരനുമുണ്ട്. പ്രായം 16 വർഷവും 338 ദിവസവും മാത്രം. യൂറോ കപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ താരം. പോളണ്ടിന്റെ കാസ്പർ കൊസ്ലോവ്സ്കിയുടെ റെക്കോർഡ് ഇനി പഴങ്കഥ. പുതിയ ചരിത്രം സ്പാനിഷ് വിങ്ങർ ലാമിൻ യമാൽ എഴുതിച്ചേർത്തു.
സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ പന്തുതട്ടുന്ന താരം. കുറഞ്ഞ കാലത്തിലും ഉജ്ജ്വലമായ കരിയർ. ഏഴാം വയസിൽ ബാഴ്സലോണിയൻ അക്കാദമിയിലെത്തി. ഡ്രിബ്ലിങ്, പാസിംഗ്, ഫിനിഷിങ് തുടങ്ങിയവയ്ക്കെല്ലാം ഒരൊറ്റപേര്. സാങ്കേതിക തികവിന്റെ കൂടെച്ചേർന്ന് ഇടം കാലിന്റെ കരുത്ത്. ഗോളടിക്കുന്നതിനേക്കാൾ തന്റെ മികവുകൾ പുറത്തെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന താരം. അതിവേഗം ആ ബാലന്റെ കഴിവ് ഫുട്ബോൾ ലോകത്ത് ചർച്ചയായി.
ബാഴ്സയുടെ സീനിയർ ടീമിലെത്തിയപ്പോൾ പ്രായം 15 വയസ്. ബാഴ്സയിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമായി. അടുത്തതായി സ്പെയ്നിന്റെ ദേശീയ ടീമിലേക്ക്. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തിൽ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേട്ടം. ഒപ്പം സ്പെയ്നിനുവേണ്ടി കളിക്കുന്ന ചരിത്രത്തിലെ പ്രായം കുറഞ്ഞ താരവുമായി അയാൾ.
അവിശ്വസനീയമെന്ന് ആരാധകർ; ഓസ്ട്രേലിയയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്ഒരിക്കൽ ഇതിഹാസങ്ങളാൽ നിറഞ്ഞതായിരുന്നു ബാഴ്സലോണൻ ടീം. പക്ഷെ കൊവിഡ് മഹാമാരി ആ ക്ലബിനെ ഏറെ ഉലച്ചു. സാക്ഷാൽ ലയണൽ മെസ്സി ക്ലബ് വിട്ടു. ഒരു തിരിച്ചുവരവിന് ലക്ഷ്യമിടുന്ന ബാഴ്സയ്ക്ക് പ്രതീക്ഷയായ താരം. ഗോളടിക്കും. ഗോളിന് അവസരമൊരുക്കും. ചിലപ്പോൾ ഒറ്റയ്ക്ക് മത്സരം സ്വന്തമാക്കും. ബാഴ്സയെ അറിയാവുന്നവർ യമാലിനെ മെസ്സിയുമായി താരതമ്യപ്പെടുത്തിക്കഴിഞ്ഞു. അയാളുടെ കഴിവ്, നിശ്ചയദാർഢ്യം, പോരാട്ടവീര്യം തുടങ്ങിയവ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയിലാണ്. സ്പെയ്നിന്റെ മണ്ണിൽ ബാഴ്സയുടെ കളിത്തട്ടിലിൽ ഒരു ഇതിഹാസം കൂടി പിറക്കുവാൻ ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.