മ്യൂണിച്ച്: യൂറോകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോൾ നേടി അൽബേനിയുടെ നദീം ബജാറാമി. മത്സരം ആരംഭിച്ച ആദ്യ 22 സെക്കൻഡിലാണ് ഗോൾ പിറന്നത്. ഇറ്റലിയുടെ ലെഫ്റ്റ് ബാക്കായ ഫെഡറിക്കോ ഡിമാർക്കോയുടെ തെറ്റായ ത്രോയിൽ നിന്നും പന്ത് പിടിച്ചെടുത്താണ് നദീം ബജാറാമി വല കുലുക്കിയത്. 2004 ൽ ഗ്രീസിനെതിരെ 67 സെക്കൻഡിൽ റഷ്യയുടെ ദിമിത്രി കിരിചെങ്കോ നേടിയ ഗോളായിരുന്നു ഇന്നലെ വരെ യൂറോകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ. 2016ൽ അർമാൻഡോ സാദികുവിന് ശേഷം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുന്ന രണ്ടാമത്തെ അൽബേനിയൻ താരവുമായി മാറി ബജാറാമി.
അതെ സമയം ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറ്റലി അൽബേനിയയെ തോൽപ്പിച്ചു. 22 ആം സെക്കൻഡിൽ അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയിൽ നിന്ന് അസൂറികൾ തിരിച്ചു വരുകയായിരുന്നു. പത്താം മിനുറ്റിൽ പെലിഗ്രിന്റെ പാസിൽ ബാസ്റ്റോണി ഇറ്റലിക്ക് സമനില നേടി കൊടുത്തു. 15ാം മിനുറ്റിൽ ബരേലയിലൂടെ ഇറ്റലി ലീഡ് നേടിയെടുത്തു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇറ്റലി വീണ്ടും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നില ഉയർത്താനായില്ല.
ഇന്നലെ നടന്ന സ്പെയ്ൻ ക്രൊയേഷ്യ പോരാട്ടത്തിൽ സ്പെയ്ൻ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. 29-ാം മിനിറ്റിൽ അൽവാരോ മൊറാട്ട, 32-ാം മിനിറ്റിൽ ഫാബിയൻ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി കാര്വജാൾ എന്നിവരാണ് ഗോളുകൾ നേടിയത്. ആശ്വാസ ഗോൾ നേടാനുള്ള പെനാൽറ്റി അവസരം ക്രൊയേഷ്യയ്ക്ക് മുതലാക്കാൻ കഴിഞ്ഞില്ല. ഇന്നലെ നടന്ന മറ്റൊരു യൂറോകപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഹംഗറിയെ വീഴ്ത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹംഗറിയെയാണ് സ്വിറ്റ്സർലൻഡ് പരാജയപ്പെടുത്തിയത്. 12-ാം മിനിറ്റിൽ ക്വാഡ്വോ ദുവാ , 45-ാം മൈക്കൽ എബിഷർ, 93-ാം എംബോളോ എന്നിവരാണ് ഹംഗറിക്ക് വേണ്ടി ഗോൾ നേടിയത്. 66-ാം മിനിറ്റിൽ ബർണബാസ് വർഗയിലൂടെയാണ് ഹംഗറി ആശ്വാസ ഗോൾ നേടിയത്.
പെനാൽറ്റി കഷ്ടപ്പെട്ട് വലയിലെത്തിച്ചു; പക്ഷേ ഗോൾ ആയില്ല