ന്യൂയോർക്ക്: യൂറോകപ്പ് ഫുട്ബോൾ ആവേശത്തിന് പിന്നാലെ ഫുട്ബോൾ ആരവത്തിൽ മുങ്ങി ലാറ്റിനമേരിക്കയുടെ കോപ്പയും. നാളെ പുലർച്ചെ 5:30ന് ലോക ചാമ്പ്യൻമാരായ അർജന്റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കോപ്പ അമേരിക്ക ടൂർണമെന്റിന് കിക്കോഫാകും. അമേരിക്കയിൽ മെസ്സി സൃഷ്ടിച്ച സോക്കർ ജ്വരത്തിലേക്കാണ് ഇത്തവണത്തെ കോപ്പ ടൂർണമെന്റ് എത്തുന്നത്. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിക്ക് കളിക്കുന്ന മെസ്സി അമേരിക്കൻ ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയാണ്. അതുകൊണ്ടുതന്നെ അർജന്റീനക്ക് ടൂർണമെന്റിൽ പിന്തുണ കൂടും. ലോകചാമ്പ്യൻമാരായ ടീമിന്റെ ലക്ഷ്യം കിരീടം നിലനിർത്തലാണ്.
കോപ്പയോടെ ദേശീയ കുപ്പായമൂരുമെന്ന് ഡി മരിയ ഇതിനകം തന്ന പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് ദിവസങ്ങൾക്കപ്പുറം 37 വയസ്സിലേക്ക് കടക്കുന്ന മെസ്സി ഇനി ഒരു കോപ്പയിലേക്ക് കൂടി തന്റെ ഫുട്ബോൾ ബാല്യത്തെ നീട്ടുമെന്ന് കരുതാൻ വയ്യ. തകർപ്പൻ ഫോമിലാണ് മെസ്സി. ഒരിക്കൽ കൂടി കോപ്പയിൽ മുത്തമിടാനാണ് താരത്തിന്റെ വരവ്. 15 തവണ കോപ്പ കിരീടം നേടിയ അർജന്റീന ടീം സന്തുലിതമാണ്. ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന ടീം അവസാനം കളിച്ച 14 കളികളിൽ 13-ലും ജയിച്ചു. മെസ്സിക്ക് പുറമെ ജൂലിയൻ അൽവാരസും നിക്കോളാസ് ഗോൺസാലസുമാകും മുന്നേറ്റത്തിൽ. അലക്സിസ് മെക്കാലിസ്റ്റർ, ലിയനാർഡോ പാരഡെസ്, റോഡ്രിഗോ ഡി പോൾ എന്നിവർ മധ്യനിരയിലും ഇറങ്ങും. മോളിനയും റോമേറോയും ഒറ്റമൻഡിയും ലിസാൻട്രോ മാർട്ടിനസും പ്രതിരോധം കാക്കും. ഗോൾ വലയ്ക്ക് മുന്നിൽ എമിലിയാനോ രക്ഷകനാകും.
കാനഡയ്ക്ക് ഇത് ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റാണ്. പ്ലേ ഓഫ് കളിച്ചാണ് ടീമിന്റെ വരവ്. ജെസ്സെ മാർഷിന്റെ തന്ത്രങ്ങളിൽ മെസ്സിയെയും സംഘത്തേയും പൂട്ടാമെന്ന ചിന്തയിലാണ് ആരാധകർ. ജോനാഥൻ ഡേവിഡിന്റെ സ്കോറിങ് മികവിലാണ് ടീമിന്റെ പ്രതീക്ഷ. നായകൻ സ്റ്റെഫാൻ എക്വസ്റ്റക്യൂവും ഇസ്മായിൽ കോനയുമാണ് മധ്യനിരയിലെ പ്രതീക്ഷ.
16-ാം വയസ്സിൽ 'കളിക്കാനിറങ്ങുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണ്ടേ അമ്പാനേ'; യമാലിനെ ഏറ്റെടുത്ത് ലോകം