ഫ്രാങ്ക്ഫുര്ട്: യൂറോ കപ്പില് ഗ്രൂപ്പ് സിയിലെ മത്സരത്തില് ഇംഗ്ലണ്ടിന്റെ വമ്പന് താരനിരയെ സമനിലയില് പിടിച്ച് ഡെന്മാര്ക്ക്. ഇരു ടീമും ഓരോ ഗോള് വീതം നേടിയ മത്സരത്തില് ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഡെന്മാര്ക്ക് കളിയുടെ മുഴുവൻ സമയവും അധിക സമയവും കളിച്ച് തീർത്തത്. 18-ാം മിനിറ്റില് ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ ഗോൾ വഴങ്ങിയതോടെ കൂടുതൽ ഉണർന്ന് കളിച്ച ഡെന്മാർക്ക് കളിയുടെ 34-ാം മിനിറ്റില് മോര്ട്ടന് ഹ്യൂല്മണ്ഡ് നേടിയ സൂപ്പർ ഗോളില് സമനില പിടിച്ചു. മത്സരത്തില് പന്തിന്മേലും ഗോളിലേക്കുള്ള ഷോട്ടുകളിലും ഡെന്മാര്ക്കിനായിരുന്നു ആധിപത്യം.
സമനിലയോടെ ഗ്രൂപ്പ് സിയില് നാല് പോയന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടു പോയന്റ് വീതമുള്ള ഡെന്മാര്ക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്. ഇതോടെ സി ഗ്രൂപ്പില് നിന്ന് നോക്കൗട്ടിലെത്തുന്ന ടീമുകളെ തീരുമാനിക്കാന് അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള് നിര്ണായകമാകും.
18-ാം മിനിറ്റില് ഡെന്മാര്ക്കിന്റെ പിഴവാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളില് കലാശിച്ചത്. സഹതാരത്തിന്റെ മൈനസ് പാസ് നിയന്ത്രിക്കുന്നതില് വിക്ടര് ക്രിസ്റ്റ്യന്സന് വരുത്തിയ പിഴവ് മുതലെടുത്ത് ഓടിവന്ന് പന്ത് റാഞ്ചിയ കൈല് വാക്കർ അത് ഗോളിലേക്ക് തിരിച്ചു വിട്ടു. മറുവശത്ത് പ്രതിരോധ നിരയുടെ പിഴവിൽ നിന്നാണ് ഡെന്മാർക്കും ഗോൾ കണ്ടെത്തിയത്. ത്രോയില് നിന്നുള്ള പിഴവിൽ പന്ത് പിടിച്ചെടുത്ത വിക്ടര് ക്രിസ്റ്റ്യന്സന് അത് മോര്ട്ടന് ഹ്യുല്മണ്ഡിന് നീട്ടി. 30 വാര അകലെനിന്നുള്ള ഹ്യുല്മണ്ഡിന്റെ കിടിലന് ഷോട്ട് പോസ്റ്റിലിടിച്ച് വലയില് കയറുകയായിരുന്നു.