മ്യൂണിച്ച്: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ കുന്തമുനയാണ് കിലിയന് എംബാപ്പെ. പ്രതിരോധ താരങ്ങളെ ഓടി തോൽപ്പിക്കുന്ന വേഗതയും ഗോൾ നേടാനുള്ള മികവുമാണ് താരത്തിന്റെ പ്രത്യേകത. ഏത് മോശം ഘട്ടത്തിൽ നിന്നും ടീമിനെ തിരിച്ചു കൊണ്ട് വരാനും ആത്മ വിശ്വാസം നൽകാനും താരത്തിന് കഴിയും. കിട്ടുന്ന അർദ്ധാവസരങ്ങൾ വരെ ഗോളാക്കി മാറ്റാനും പ്രത്യേക മിടുക്കുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പിലും യൂറോകപ്പിലും ഫ്രാൻസിന്റെ തേരോട്ടത്തിൽ എംബാപ്പെയുടെ പങ്ക് നിർണ്ണായകമാണ്. അത് കൊണ്ട് തന്നെ ആദ്യ കളിയിൽ പരിക്കേറ്റ് രണ്ടാം കളിയിൽ പുറത്തിരുന്ന എംബാപ്പെ ഇല്ലാതെ ഫ്രാൻസ് ടീം ഈ യൂറോകപ്പിൽ എങ്ങനെ മുന്നോട്ട് പോവും എന്ന ചോദ്യമുയരുകയാണ്. എംബാപ്പെയില്ലാതെ നെതർലാൻഡിനെതിരെ ഇറങ്ങിയ ഫ്രാൻസിന് നിരാശാജനകമായ ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു. പന്തിന്മേൽ ആധിപത്യവും ഷോട്ടുകളുടെ മേധാവിത്വമുണ്ടായിട്ടും ഗോൾ നേടാനാവാത്തത് മുന്നേറ്റ നിരയിൽ എംബാപ്പെയുടെ കുറവ് മൂലമാണെന്നാണ് വിലയിരുത്തൽ.
മത്സരത്തിൽ 63 ശതമാനത്തോളം സമയം പന്ത് കൈവശം വെക്കാനും 15 ഷോട്ടുകളോളം ഗോൾ പോസ്റ്റിലേക്ക് ഉതിർത്തിട്ടും വല കുലുക്കാൻ ഗ്രീസ്മാനും കൂട്ടർക്കും സാധിച്ചിരുന്നില്ല. എന്നാൽ എംബാപ്പെ ഉണ്ടായിരുന്നെങ്കിൽ തനിക്ക് കിട്ടുന്ന ഒന്നോ രണ്ടോ അവസരങ്ങളിൽ തന്നെ വല കുലുക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മുൻ പ്രകടനം പറയുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്റ്റാർട്ടിങ് ലൈനപ്പിൽ എംബാപ്പെയില്ലാതെ ഫ്രാൻസ് കളിക്കാനിറങ്ങിയത് ഏഴു കളികളിലാണ്. ഈ ഏഴു മത്സരങ്ങളിലും ഫ്രഞ്ചുപടക്ക് ജയിക്കാനായിട്ടില്ല. അഞ്ചു കളികൾ സമനിലയിലായപ്പോൾ രണ്ടെണ്ണത്തിൽ പരാജയമായിരുന്നു ഫലം.
അതെ സമയം ഒരു ജയവും സമനിലയുമടക്കം നാലു പോയന്റുള്ള ഫ്രാൻസ് യൂറോകപ്പിന്റെ നോക്ക്ഔട്ടിന് തൊട്ടരികിലാണ്. ഗ്രൂപ് ‘ഡി’യിലെ തങ്ങളുടെ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ സമനില നേടിയാൽ തന്നെ ഫ്രാൻസിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാം. എന്നാൽ രണ്ട് കളി കഴിഞ്ഞിട്ടും എതിർ ടീം സമ്മാനിച്ച സെൽഫ് ഗോൾ അല്ലാതെ ഒരു ഗോളും ഗോളടിച്ച് കൂട്ടിയിരുന്ന ടീമിന് സാധിച്ചില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. അതെ സമയം മൂക്കിന് പരിക്കേറ്റ് പുറത്തായ എംബാപ്പെ ഉടൻ തിരിച്ചു വരുമെന്നാണ് കോച്ച് ദെഷാംപ്സ് പറയുന്നത്.
അഫ്ഗാൻ ടീം സ്വന്തമായി ഭക്ഷണം തയ്യാറാക്കും; കാരണമിതാണ്