മ്യൂണിച്ച്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ആദ്യ മത്സരത്തിൽ വിജയിച്ച രണ്ട് ടീമുകളായ പോർച്ചുഗലും തുർക്കിയും ഏറ്റുമുട്ടിയപ്പോള് പോർച്ചുഗലിന് മൂന്ന് ഗോളിന്റെ മിന്നും വിജയം. ഇതോടെ ആറ് പോയിന്റോടെ പറങ്കി പട പ്രീ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗൽ നിരയിൽ നിന്ന് ഗോൾ നേടിയത്. തുർക്കി പ്രതിരോധ താരം സാമെത് അകയ്ദീന്റെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്. 21ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോളാണ് സാമെത് അകയ്ദീന്റെ ഓൺ ഗോളായത്. ബ്രൂണോ ഫെർണാണ്ടസിന്റെതായിരുന്നു മൂന്നാം ഗോൾ. 55 -ാം മിനുറ്റിൽ ക്രിസ്റ്റാനോ റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു ഗോൾ.
ബോക്സിന്റെ ഇടതു പാർശ്വത്തിൽനിന്ന് ന്യൂനോ മെൻഡിസ് ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. തുർക്കിഷ് താരത്തിന്റെ കാലിൽ തട്ടി ഗതിമാറി വന്ന പന്ത് ബെർണാഡോ സിൽവ വലയിലേക്ക് അടിച്ചുകയറ്റി. ഏഴു മിനിറ്റിനുള്ളിൽ തുർക്കി വലയിൽ രണ്ടാം ഗോളുമെത്തി. തുർക്കിയ താരങ്ങൾക്കിടയിലെ ആശയക്കുഴപ്പമാണ് ഓൺ ഗോളിൽ കലാശിച്ചത്. പ്രതിരോധ താരം സാമെത് അകയ്ദീൻ ഗോളിക്ക് നൽകിയ മൈനസ് പാസാണ് വലയിൽ കയറിയത്.
ഇതോടെ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയവുമായി പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഒരു വിജയവുമായി മൂന്ന് പോയിന്റാണ് തുർക്കിക്കുള്ളത്. ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ ചെക്ക് റിപ്പബ്ലിക്കും ജോർജിയ്ക്കും ഒരു പോയിന്റ് മാത്രമാണ് ഉള്ളത്.