റിയോ ഡി ജനീറോ: ഫുട്ബോള് കാണുന്നതുതന്നെ ഇപ്പോള് വളരെ വിരസമാണെന്ന് ബ്രസീല് മുന് ഇതിഹാസം റൊണാള്ഡോ നസാരിയോ. ഇപ്പോഴത്തെ ഫുട്ബോളിനേക്കാള് തനിക്ക് ഇഷ്ടം ടെന്നിസ് കാണുന്നതാണെന്നും മുന് താരം വ്യക്തമാക്കി. കോപ്പ അമേരിക്ക ടൂര്ണമെന്റില് നിലവിലെ റണ്ണറപ്പുകളായ ബ്രസീലിന്റെ മോശം പ്രകടനം ചര്ച്ചയാവുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് റൊണാള്ഡോ രംഗത്തെത്തിയത്.
'ഫുട്ബോളിനേക്കാള് എനിക്ക് ഇപ്പോള് കൂടുതല് ഇഷ്ടം ടെന്നീസാണെന്ന് ഞാന് കരുതുന്നു. ഇപ്പോഴത്തെ ഫുട്ബോള് മത്സരങ്ങളൊന്നും എനിക്ക് കാണാന് കഴിയില്ല. അത് വളരെ ബോറടിപ്പിക്കുന്നതാണെന്ന് ഞാന് കരുതുന്നു. പക്ഷേ എനിക്ക് അഞ്ച് മണിക്കൂറോളം ടെന്നീസ് കാണാനാകും', റൊണാള്ഡോ പറഞ്ഞു. യൂറോ സ്പോര്ട്സിന് നല്കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
🇧🇷🗣️ Ronaldo Nazario: "I think I love more tennis now than football. I cannot watch football matches. I think it's too boring."
— EuroFoot (@eurofootcom) June 26, 2024
"I can stay for 5 hours watching tennis." 🎾📺 pic.twitter.com/cFXwim8Yzm
ഇപ്പോഴത്തെ ഫുട്ബോള് മത്സരങ്ങള് കാണാന് ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന ആദ്യത്തെ ബ്രസീല് താരമല്ല റൊണാള്ഡോ. കോപ്പ അമേരിക്ക ടൂര്ണമെന്റിന് മുന്നോടിയായി ബ്രസീലിന്റെ മത്സരങ്ങള് കാണില്ലെന്ന് വ്യക്തമാക്കി മുന് താരം റൊണാള്ഡീഞ്ഞോ രംഗത്തെത്തിയതും വാര്ത്തയായിരുന്നു.
'ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ല'; കാരണം വ്യക്തമാക്കി റൊണാള്ഡീഞ്ഞോ'എനിക്ക് മതിയായി. ബ്രസീലിയന് ഫുട്ബോളിനെ സ്നേഹിക്കുന്നവര്ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള് കാണുന്നതില് ഊര്ജം കണ്ടെത്താന് സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്ഷങ്ങളായി ടീമില് മികച്ച ലീഡര്മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ്', എന്നായിരുന്നു റൊണാള്ഡീഞ്ഞോ ഇന്സ്റ്റഗ്രാമില് കുറിച്ചത്.