ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ നിർണ്ണായകമായ തങ്ങളുടെ രണ്ടാം മത്സരത്തിന് നാളെ ബ്രസീലിറങ്ങുന്നു. നാളെ പുലർച്ചെ 6:30 ന് പരഗ്വേയുമായാണ് കാനറികളുടെ രണ്ടാം മത്സരം. ഗ്രൂപ്പ് ഡിയിലെ ആദ്യകളിയിൽ ദുർബലരായ കോസ്റ്ററീക്കക്കെതിരെ ഗോളില്ലാ സമനിലയിൽ കുരുങ്ങിയ ബ്രസീലിന് നാളത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്.
മറുവശത്ത് അടുത്ത റൗണ്ടിലേക്ക് കടക്കാൻ പരഗ്വേയ്ക്കും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ കൊളംബിയയോട് 2-1ന് തോറ്റാണ് പരഗ്വേയുടെ വരവ്. കോസ്റ്ററീക്ക പരീക്ഷിച്ച് നടപ്പിലാക്കി വിജയിച്ച തന്ത്രം തന്നെയാവും ബ്രസീലിനെതിരെ പരഗ്വേയും പുറത്തെടുക്കുക. ഗോളടിച്ചില്ലെങ്കിലും എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയെന്ന തന്ത്രം. എന്നാൽ, ജയം മാത്രം ലക്ഷ്യമുള്ള ബ്രസീലിന് മുൻനിര പതിവ് ഫോമിലെത്തിയാൽ പരഗ്വേയെ എളുപ്പം മറികടക്കാം. വിനീഷ്യസ് ജൂനിയറും റോഡ്രിഗ്വോയും വണ്ടർ കിഡ് എൻഡ്രിക്കും ആദ്യ മത്സരത്തിൽ താളം കണ്ടെത്തിയിരുന്നില്ല.
കോസ്റ്ററീക്കക്കെതിരെ നിരവധി അവസരങ്ങളാണ് ബ്രസീൽ നഷ്ടമാക്കിയത്. റയൽമഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ വിനീഷ്യസ് ജൂനിയർ ക്ലബ് ഫുട്ബാളിലെ ഫോം സ്വന്തം രാജ്യത്തിനായി പുറത്തെടുക്കുന്നില്ല എന്നതാണ് വലിയ വെല്ലുവിളി. പരിക്ക് മൂലം പുറത്തായ നെയ്മറിന്റെ അഭാവവും ടീമിൽ നിഴലിക്കുന്നുണ്ട്. അതേസമയം ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 3:30 ന് കൊളംബിയയും കോസ്റ്ററീക്കയും തമ്മിൽ ഏറ്റുമുട്ടും. ഒരു കളിയിൽ ഒരു വിജയവുമായി മൂന്ന് പോയിന്റുള്ള കോസ്റ്ററീക്കയാണ് ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമത്.