മ്യൂണിച്ച്: സൂപ്പർ താരം മെസ്സിയെ പുറത്തിരുത്തി പെറുവിനെതിരെയുള്ള കോപ്പ അമേരിക്ക 2024 ലെ മൂന്നാം മത്സരത്തിനൊരുങ്ങുന്ന അർജന്റീന ടീമിന് തിരിച്ചടി. ടീം പരിശീലകൻ ലയണൽ സ്കലോണിയുടെ സസ്പെൻഷനാണ് ടീമിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരങ്ങളുടെ രണ്ടാം പകുതിയിൽ ടീം ഇറങ്ങാൻ വൈകിയതിനാണ് സസ്പെൻഷൻ. ഒരു മത്സരത്തിൽ നിന്നാണ് സ്കലോണിയെ വിലക്കിയത്. ഇതോടെ കോപ്പയിൽ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സ്കലോണിക്ക് നഷ്ടമാകും. അസിസ്റ്റൻറ് കോച്ച് പാബ്ലോ ഐമറനായിരിക്കും പകരം ചുമതല.
സസ്പെൻഷന് പുറമെ 15,000 ഡോളർ രൂപയുടെ പിഴയും അർജന്റീനയുടെ പരിശീലകന് മേൽ ചുമത്തിയിട്ടുണ്ട്. പെറുവിനെതിരായ മത്സരത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാമെങ്കിലും ലോക്കർ റൂമിൽ പ്രവേശിക്കാനോ കളിക്കാരുമായി സംസാരിക്കാനോ സ്കലോണിക്ക് കഴിയില്ല. കൂടാതെ, മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിലും പങ്കെടുക്കാനാകില്ല.സ്കലോണിക്ക് മാത്രമല്ല, ചിലിയുടെ മുഖ്യ പരിശീലകൻ റിക്കാർഡോ ഗരേക്കയും സമാനമായ കാരണങ്ങളാൽ ഒരു മത്സരത്തിൽ സസ്പെൻഷനും പിഴയും ചുമത്തിയിട്ടുണ്ട്.
കോപ്പ അമേരിക്കയിൽ അർജന്റീന ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചിരുന്നു. കാനഡയെ 2-0ന് പരാജയപ്പെടുത്തിയ ശേഷം ചിലിക്കെതിരെ 1-0ന് ജയിച്ചു. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സൂപ്പർതാരം ലയണൽ മെസ്സി പെറുവിനെതിരെ കളിക്കില്ലന്നാണ് റിപ്പോർട്ടുകൾ. ചിലിക്കെതിരായി കളിക്കുമ്പോൾ ചെറിയരീതിയിൽ പനിയും തൊണ്ടവേദനയും ഉണ്ടായിരുന്നതായി മത്സരശേഷം മെസ്സി പറഞ്ഞിരുന്നു. കൂടാതെ ചിലിക്കെതിരെ മെസ്സിക്ക് പരിക്കുമേറ്റിരുന്നു.
ജയം അനിവാര്യം; പരഗ്വേ പൂട്ട് പൊളിക്കാനാവുമോ വിനീഷ്യസ്-റോഡ്രിഗ്വോ-എൻഡ്രിക്ക് കാനറി കോംബോയ്ക്ക്