ത്രില്ലര് കംബാക്ക്; സ്ലൊവാക്യന് പോര്വീര്യം മറികടന്നു, ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാര്ട്ടറില്

ജൂഡ് ബെല്ലിങ്ഹാമിന്റെയും ഹാരി കെയ്നിന്റെയും ഗോളുകളിലൂടെയാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്

dot image

ഗെല്സെന്കിര്ചെന്: യൂറോ കപ്പില് ഇംഗ്ലണ്ട് ക്വാര്ട്ടര് ഫൈനലിലേക്ക്. പ്രീ ക്വാര്ട്ടര് പോരില് സ്ലൊവാക്യയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് പട കിരീടപ്പോരില് ഒരു ചുവടുകൂടി മുന്നേറിയത്. തോല്വിയുടെ വക്കില് നിന്നാണ് ജൂഡ് ബെല്ലിങ്ഹാമിന്റെയും ഹാരി കെയ്നിന്റെയും ഗോളുകളിലൂടെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്.

സ്ലൊവാക്യയ്ക്കെതിരേ 94-ാം മിനിറ്റുവരെ ഒരു ഗോളിന് പിന്നില് നിന്ന ഇംഗ്ലണ്ട് ഇഞ്ച്വറി ടൈമിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. ഇഞ്ച്വറി ടൈമില് വലകുലുക്കിയ യുവതാരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലീഷ് പടയുടെ രക്ഷകനായത്. പിന്നാലെ അധികസമയത്തും ഗോള് കണ്ടെത്തി ഹാരി കെയ്ന് ടീമിനെ ക്വാര്ട്ടറിലെത്തിച്ചു.

25–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലൊവാക്യ മുന്നിലെത്തിയത്. ഇംഗ്ലീഷ് പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് ഇവാൻ സ്ക്രാൻസാണ് സ്ലൊവാക്യയുടെ ഗോൾ നേടിയത്. ടൂർണമെന്റിൽ താരത്തിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഇതോടെ ജർമനിയുടെ ജമാൽ മുസിയാലക്കൊപ്പം ടോപ് സ്കോറർ പട്ടികയിലും ഇടം പിടിക്കാനും സ്ക്രാൻസിന് സാധിച്ചു.

'ഏത് തിരക്കഥയേക്കാളും മികച്ചത്'; കോഹ്ലിയുടെയും രോഹിത്തിന്റെയും ടി20 കരിയറിനെ പുകഴ്ത്തി ഗംഭീര്

സമനില പിടിക്കാൻ ഇംഗ്ലണ്ട് ഏറെ പരിശ്രമിച്ചെങ്കിലും 94-ാം മിനിറ്റുവരെ സ്ലൊവാക്യൻ പ്രതിരോധനിരയെ മറികടക്കാൻ സാധിച്ചില്ല. എന്നാൽ ഇഞ്ച്വറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച കോർണർ മത്സരത്തിന്റെ ഗതി മാറ്റി. കോൾ പാൽമർ എടുത്ത കിക്ക് മാർക് ഗുവേഹിയുടെ തലയിൽ തട്ടി ബോക്സിൽ ഉയർന്നുപൊങ്ങിയപ്പോൾ അതിമനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ബെല്ലിങ്ഹാം വലയിലെത്തിച്ചു.

ഇംഗ്ലണ്ട് ഒപ്പമെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ആദ്യ മിനിറ്റിൽ തന്നെ ഇംഗ്ലീഷ് പടയുടെ രണ്ടാം ഗോളും പിറന്നു. ഇവാൻ ടോണിയുടെ അസിസ്റ്റിൽ ഹാരി കെയ്ൻ ഉശിരൻ ഹെഡറിലൂടെയാണ് വിജയഗോൾ സമ്മാനിച്ചത്.

dot image
To advertise here,contact us
dot image