ബെര്ലിന്: 2024 യൂറോ കപ്പില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗല് ക്വാര്ട്ടര് ഫൈനലില്. പ്രീക്വാര്ട്ടറില് സ്ലൊവേനിയയെ കീഴടക്കിയാണ് പറങ്കിപ്പട ക്വാര്ട്ടര് ബെര്ത്ത് ഉറപ്പിച്ചത്. റൊണാള്ഡോ പെനാല്റ്റി പാഴാക്കിയ മത്സരത്തിനൊടുവില് ഷൂട്ടൗട്ടിലൂടെയാണ് പോര്ച്ചുഗല് വിജയം പിടിച്ചെടുത്തത്.
Portugal 0-0 Slovenia (aet, 3-0 pens): Diogo Costa heroics take Portugal to quarters 🇵🇹
— UEFA EURO 2024 (@EURO2024) July 1, 2024
Tap below to read the report 👇
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില് പറങ്കിപ്പടയുടെ രക്ഷകനായി ഗോള് കീപ്പര് ഡിയോഗോ കോസ്റ്റ അവതരിച്ചു. സ്ലൊവേനിയയുടെ ആദ്യ മൂന്ന് കിക്കുകളും തടുത്തിട്ടാണ് കോസ്റ്റ പോര്ച്ചുഗലിന്റെ രക്ഷകനായത്. മറുവശത്ത് പോര്ച്ചുഗല് മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ പെനാല്റ്റി ഷൂട്ടൗട്ടില് 3-0 എന്ന വിജയത്തോടെ പോര്ച്ചുഗല് കിരീടപ്പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലെത്തി.
മത്സരത്തിലുടനീളം റൊണാള്ഡോയും സംഘവും കിടിലന് മുന്നേറ്റങ്ങള് നടത്തിയെങ്കിലും സ്ലൊവേനിയന് പ്രതിരോധത്തെ ഭേദിച്ച് ലക്ഷ്യത്തിലെത്താനായില്ല. പോര്ച്ചുഗീസ് മുന്നേറ്റനിര തുടര്ച്ചയായി സ്ലൊവേനിയന് ഗോള്മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. ഗോള് നേടാനായില്ലെങ്കിലും ആദ്യപകുതിയില് ഒരു ഫ്രീകിക്ക് ഉള്പ്പടെ റൊണാള്ഡോയും കളംനിറഞ്ഞു.
നിശ്ചിത സമയത്തിലും ഇരുടീമുകള്ക്കും ഗോള് നേടാന് കഴിയാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി. എക്സ്ട്രാ ടൈമിലും പോര്ച്ചുഗല് ആക്രമണവും സ്ലൊവേനിയ പ്രതിരോധവും കടുപ്പിച്ചു. ഇതിനിടെ പോര്ച്ചുഗലിന് ലഭിച്ച നിര്ണായക പെനാല്റ്റി പാഴാക്കി റൊണാള്ഡോ നിരാശ സമ്മാനിച്ചു.
എക്സ്ട്രാ ടൈമിന്റെ ആദ്യപകുതി അവസാനിക്കാന് നിമിഷങ്ങള് ബാക്കിയുള്ളപ്പോഴാണ് പോര്ച്ചുഗലിന് അനുകൂലമായി പെനാല്റ്റി ലഭിച്ചത്. ഡിയോഗോ ജോട്ടയെ പെനാല്റ്റി ബോക്സില് വീഴ്ത്തിയതിനായിരുന്നു നടപടി. ആരാധകര് ആവേശത്തോടെ ആര്ത്തിരമ്പിയെങ്കിലും പ്രതീക്ഷകള് തെറ്റി. ഇത്തവണ നായകന് ലക്ഷ്യം പിഴച്ചു. കിടിലന് ഡൈവിലൂടെ റൊണാള്ഡോയുടെ പെനാല്റ്റി കിക്ക് സ്ലൊവേനിയന് ഗോള് കീപ്പര് ഒബ്ലാക്ക് തടുത്തിട്ടു. പിന്നീട് അവസാന നിമിഷം വരെ പോര്ച്ചുഗല് വിജയഗോളിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലെത്തിയത്.
That save in extra time! 😲
— UEFA EURO 2024 (@EURO2024) July 1, 2024
A heroic performance from Diogo Costa ⛔👏@Vivo_GLOBAL | #EUROPOTM pic.twitter.com/8SUasSX2aR
ഷൂട്ടൗട്ടില് ക്രിസ്റ്റ്യാനോ റൊണാള്ഡോ ആദ്യം തന്നെ പെനാല്റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് പ്രായശ്ചിത്തം ചെയ്തു. നായകന് പിന്നാലെ ബ്രൂണോ ഫെര്ണാണ്ടസ്, ബെര്ണാഡോ സില്വ എന്നിവരാണ് പോര്ച്ചുഗലിനായി സ്കോര് ചെയ്തത്. മറുവശത്ത് സ്ലൊവേനിയയുടെ മൂന്ന് കിക്കുകളും തടുത്തിട്ട് ഡിയോഗോ കോസ്റ്റ പോര്ച്ചുഗലിന്റെ വിജയശില്പ്പിയായി. ക്വാര്ട്ടറില് ഫ്രാന്സിനെയാണ് റൊണാള്ഡോയ്ക്കും സംഘത്തിനും നേരിടേണ്ടിവരിക.