സാന്റാ ക്ലാര: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തിൽ സമനിലയോടെയാണ് ക്വാർട്ടർ ഫൈനൽ പ്രവേശം. 1-1 ആയിരുന്നു മത്സര സ്കോർ. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടിൽ ഇടമുറപ്പിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കൾ. ക്വാർട്ടറിൽ കൊളംബിയ പനാമയെയും ബ്രസീൽ ഉറുഗ്വേയെയും നേരിടും.
ആദ്യ പകുതിയിൽ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാർഡ് ലഭിച്ചു. 12ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോൾ. റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോൾവലയുടെ ഇടതുമൂലയിൽ പറന്നിറങ്ങുമ്പോൾ ഗോൾകീപ്പർ കാമിലോ വാർഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാൽ, ഗോൾ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയൻ പ്രതിരോധത്തെ കൊളംബിയക്കാർ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗ്രസിന്റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയൻ വലക്കുള്ളിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോൾ നിഷേധിച്ചു.
ആദ്യ പകുതി കഴിഞ്ഞുള്ള അധികസമയത്തിന്റെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോൾ. ബ്രസീൽ ബോക്സിനുള്ളിൽ പന്ത് ലഭിച്ച പ്രതിരോധക്കാരൻ ഡാനിയൽ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടി. രണ്ടാം പകുതിയിൽ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യൻ സമയം രാവിലെ 6: 30 നാണ് മത്സരം. അന്നേ ദിവസം തന്നെ പുലർച്ചെ 3: 30 നാണ് കൊളംബിയ പനാമ ക്വാർട്ടർ ഫൈനൽ മത്സരം.
ആവേശപ്പോരിൽ ഓസ്ട്രിയയെ മറികടന്ന് തുർക്കി ; ക്വാർട്ടർ ഫൈനൽ എതിരാളി നെതർലൻഡ്