ഫുട്ബോളിന്റെ മിശിഹായ്ക്ക് പിഴച്ചിടത്ത് അയാള് ഒരിക്കല്കൂടി അര്ജന്റീനയുടെ രക്ഷകനായി. കഴിഞ്ഞ ലോകകപ്പില് ആല്ബിസെലസ്റ്റുകളുടെ കാവല്മാലാഖയായി അവതരിച്ച അതേ കരങ്ങള് ഇത്തവണത്തെ കോപ്പയിലും മെസ്സിപ്പടയ്ക്ക് തുണയായി. എമിലിയാനോ മാര്ട്ടിനസിന്റെ ചിറകിലേറി അര്ജന്റീന കിരീടപ്പോരാട്ടത്തില് മുന്നോട്ട്.
ക്വാര്ട്ടര് ഫൈനലില് ഇക്വഡോറിനെ ഷൂട്ടൗട്ടില് വീഴ്ത്തി സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ് അര്ജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില് പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അര്ജന്റീനയ്ക്ക് വേണ്ടി ലിസാന്ഡ്രോ മാര്ട്ടിനസും ഇക്വഡോറിന് വേണ്ടി കെവിന് റോഡ്രിഗസും ഗോളുകള് നേടി. ആദ്യ പകുതിയില് നേടിയ ഗോളിന് അര്ജന്റീന മുന്നിട്ടുനില്ക്കെ അവസാനഘട്ടത്തില് സമനില പിടിക്കാനും മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടാനും ഇക്വഡോറിന് സാധിച്ചു.
പെനാല്റ്റി മിസ്സാക്കി മെസ്സി; ഷൂട്ടൗട്ടിലെ വിജയത്തോടെ അര്ജന്റീന സെമിയില്ഷൂട്ടൗട്ടില് അര്ജന്റീനയ്ക്ക് വേണ്ടി ആദ്യ കിക്കെടുക്കാനെത്തിയത് ലയണല് മെസ്സി. എന്നാല് ആരാധകരെ അക്ഷരാര്ത്ഥത്തില് ഞെട്ടിച്ച് മെസ്സിയുടെ കിക്ക് പോസ്റ്റ് ബാറിലിടിച്ച് മടങ്ങി. ക്യാപ്റ്റന് നിരാശപ്പെടുത്തിയിടത്ത് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷയെ നെഞ്ചേറ്റി അര്ജന്റീനയുടെ കാവല്മാലാഖ അവതരിച്ചു.
ഇക്വഡോറിന്റെ ആദ്യ കിക്കെടുക്കാനെത്തിയ എയ്ഞ്ചല് മെനയുടെ പെനാല്റ്റി തട്ടിയകറ്റി എമി അര്ജന്റീനയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അലന് മിന്ഡയെടുത്ത അടുത്ത കിക്കും തടുത്ത് എമി ഒരിക്കല് കൂടി അര്ജന്റീനയുടെ കാവല് മാലാഖയായി.
Nah this save was crazy man, what is this pic.twitter.com/0kfSa53Oes
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 5, 2024
ഷൂട്ടൗട്ടില് മെസ്സിക്ക് മാത്രമാണ് പിഴച്ചത്. പിന്നീട് അര്ജന്റീനയ്ക്ക് വേണ്ടി കിക്കെടുത്ത ജൂലിയന് അല്വാരസ്, മാക് അലിസ്റ്റര്, ഗോണ്സാലോ മോണ്ടിയല്, നിക്കോളാസ് ഒറ്റമെന്ഡി എന്നിവര് ലക്ഷ്യം കണ്ടതോടെ ആല്ബിസെലസ്റ്റുകള് വിജയവും സെമി ബെര്ത്തും ഉറപ്പിച്ചു.
ലോകകപ്പ് ഫൈനലിലെ പെനാല്റ്റി ഷൂട്ടൗട്ടില് നിര്ണായക കിക്കുകള് തടുത്തിട്ട് മെസ്സിപ്പടയുടെ വിജയശില്പ്പിയായ ഗോള്കീപ്പര് എമിലിയാനോ മാര്ട്ടിനസ്, തന്റെ ദൗത്യങ്ങളും കടമകളും ഇനിയും അവസാനിച്ചിട്ടില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വീണ്ടും അര്ജന്റീനയുടെ ഗോള്മുഖത്ത് വന്മതില് തീര്ത്ത് നിലകൊള്ളുകയാണ്.