ബെർലിൻ: യൂറോകപ്പിന്റെ രണ്ടാം ക്വാർട്ടർ ദിനത്തിൽ ഇന്ന് തീ പാറും പോരാട്ടം. മികച്ച താര നിരയുണ്ടായിട്ടും ഗാരെത് സൗത്ത്ഗേറ്റിന് കീഴിൽ ആരാധക പ്രതീക്ഷയ്ക്കൊത്തുയരാത്ത ഇംഗ്ലണ്ടിന്, പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലിയെ മടക്കി അയച്ച് വർധിത വീര്യവുമായി എത്തുന്ന സ്വിറ്റ്സർലൻഡ് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പ് ഘട്ടത്തിൽ പതിയെ തുടങ്ങി പിന്നീട് മികച്ച കളി പുറത്തെടുത്താണ് ഹോളണ്ട് എത്തുന്നത്. ഹോളണ്ടിനെതിരെയിറങ്ങുന്നത് യൂറോകപ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ യുവ തുർക്കികളാണ്.
സ്ലൊവാക്യയുമായി പ്രീക്വാർട്ടറിൽ അവസാന വിസിലിന് തൊട്ടുമുമ്പുവരെ പിന്നിൽ നിന്ന ശേഷം ജൂഡ് ബെല്ലിങ്ഹാമിന്റെയും പിറകെ ഹാരി കെയ്നിന്റെയും അസാമാന്യ ഗോളുകളുടെ ബലത്തിലാണ് ഇംഗ്ലീഷ് പട അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്. മറുവശത്ത്, ഏറ്റവും ശക്തമായ ഇറ്റാലിയൻ പ്രതിരോധം കടന്നാണ് മുറാത് യാകിൻ പരിശീലിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് കുതിപ്പ് തുടരുന്നത്. എന്നാൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ മത്സരങ്ങളിൽ ഈ അടുത്ത കാലത്തൊന്നും സ്വിറ്റ്സർലൻഡിന് വിജയിക്കാനായില്ല. ഈ മത്സരത്തിൽ വിജയിക്കുകയായാണെങ്കിൽ മുൻ നിര ടൂർണമെന്റിൽ ആദ്യമായി സെമിയിലെത്താനാകുന്നു എന്ന നേട്ടം സാക്കയ്ക്കും ടീമിനും സ്വന്തമാക്കാനാകും.
ഗാക്പോ, ഡീപെ ,ഡഫ്രി തുടങ്ങി മികച്ച താരങ്ങളുടെ ഫോമാണ് ഹോളണ്ടിന്റെ പ്രതീക്ഷ. യൂറോയിൽ ഇത്തവണ ടോപ് സ്കോറർമാരുടെ പട്ടികയിൽ മുന്നിലുള്ള കോഡി ഗാക്പോ ഗോൾ നേട്ടം തുടർന്നാൽ തുർക്കിക്കെതിരെയുള്ള മത്സരം ഓറഞ്ച് പടയ്ക്ക് എളുപ്പമാകും. തുർക്കി നിരയിൽ റയൽ മഡ്രിഡിന്റെ വണ്ടർ കിഡ് അർഡ ഗുലറാണ് തുരുപ്പ് ചീട്ട്. ടൂർണമെന്റിലുടനീളം ടീമിന്റെ മുന്നേറ്റങ്ങളിലെ കുന്തമുനയാണ് താരം.
ഈ എട്ട് മിനിറ്റും ഞാന് ആസ്വദിക്കുന്നു: ലൂയിസ് സുവാരസ്