യൂറോയിൽ ആതിഥേയർ വീണു; ജർമ്മൻ മണ്ണിൽ സ്പാനിഷ് സെമി

നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

dot image

സ്റ്റുട്ഗാർട്ട്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിൻ സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. ഡാനി ഓൾമോ, മെക്കൽ മറീനോ എന്നിവർ സ്പെയിനിനായി ഗോളുകൾ നേടി. ജർമ്മനിയുടെ ഏക ഗോൾ നേടിയത് ഫ്ലോറിയൻ വിർട്സ് ആണ്.

ആദ്യ പകുതിയുടെ തുടക്കം തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബോളുമായി മുന്നേറി. എട്ടാം മിനിറ്റിൽ സ്പാനിഷ് താരം പെഡ്രിക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നു. പകരക്കാരനായി ഡാനി ഓൾമോ കളത്തിലെത്തി. പിന്നാലെ ആദ്യപകുതിയിൽ സ്പാനിഷ് മുന്നേറ്റമായിരുന്നു കണ്ടത്. പലതവണ സ്പെയിൻ പന്തുമായി ജർമ്മൻ ഗോൾമുഖത്തിലേക്ക് കടന്നെത്തി. എന്നാൽ ഗോൾ നേടാൻ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പാനിഷ് സംഘം മുന്നേറി. 51-ാം മിനിറ്റിൽ ലമിൻ യമാലിന്റെ അസിസ്റ്റിൽ ഡാനി ഓൾമോ വലചലിപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിന് സ്പെയിൻ മുന്നിലായി. അതോടെ ജർമ്മൻ സംഘം ഉണർന്നു. തുടർച്ചായ ജർമ്മൻ മുന്നേറ്റങ്ങൾ തടയാൻ സ്പാനിഷ് പ്രതിരോധം വിയർത്തു. 70-ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്റെ ഷോട്ട് ഉനായ് സിമോൺ തടഞ്ഞു. പിന്നാലെ 77-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചുവന്നു.

ഭാഗ്യത്തിന്റെ കാരുണ്യം പക്ഷേ അവസാന നിമിഷം സ്പെയിനിന് തിരിച്ചടിയായി. ഒടുവിൽ 89-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സ് ജർമ്മൻ സംഘത്തെ ഒപ്പമെത്തിച്ചു. പിന്നാലെ നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലായി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോഴും ഇരുടീമുകളും വാശിയേറിയ പോരാട്ടം നടത്തി.

അന്നൊരിക്കൽ...; ലയണൽ മെസ്സി അനുഗ്രഹിച്ച സ്പാനിഷ് സൂപ്പർ താരം

106-ാം മിനിറ്റിൽ ജർമ്മൻ താരം ജമാൽ മുസിയാലയുടെ ഷോട്ട് മാർക്ക് കുക്കുറെല്ലയുടെ കൈയ്യിൽ തട്ടിയിരുന്നു. എന്നാൽ റഫറി പെനാൽറ്റി പരിശോധനയിലേക്ക് പോയില്ല. പക്ഷേ 120-ാം മിനിറ്റിൽ എല്ലാവരെയും അതിശയപ്പെടുത്തി മെക്കൽ മറീനോയുടെ ഗോൾ പിറന്നു. ഡാനി ഓൾമോയുടെ പാസ് മറീനോ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി. അവശേഷിച്ച സമയത്ത് ജർമ്മൻ ആക്രമണങ്ങൾ പ്രതിരോധിക്കാൻ സ്പെയ്നിന് കഴിഞ്ഞു. ഇതോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ സെമിയിലേക്ക് കടന്നു.

dot image
To advertise here,contact us
dot image