ലാസ് വെഗാസ്: കോപ്പ അമേരിക്കയിലെ രണ്ടാം ക്വാർട്ടർ ദിനത്തിൽ രണ്ട് ലാറ്റിനമേരിക്കൻ വമ്പന്മാർ നേർക്കുനേർ. നാളെ രാവിലെ ഇന്ത്യൻ സമയം 6.30ന് കരുത്തരായ ബ്രസീലും ഉറുഗ്വേയും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും വളരെ പണിപ്പെട്ടാണ് ക്വാർട്ടറിലേക്ക് ബ്രസീൽ കടന്നത്. കോസ്റ്ററീക്കയുമായും കൊളംബിയയുമായും സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് പരഗ്വേയ്ക്കെതിരെ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായത്. വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകൾ കണ്ട മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറികൾ മത്സരം വിജയിച്ചത്.
എന്നാൽ ഗ്രൂപ്പിലെ മറ്റ് രണ്ട് മത്സരങ്ങളും സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ കൊളംബിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഉറപ്പാക്കിയത്. രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാൽ ബ്രസീലിന്റെ റയൽ മഡ്രിഡ് അറ്റാക്കർ വിനീഷ്യസ് ജൂനിയർ പുറത്തിരിക്കുന്നത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകും. ബ്രസീലിന്റെ വണ്ടർ കിഡ് എന്ന് പറയപ്പെടുന്ന റയൽ കൗമാരതാരം എൻഡ്രിക്കായിരുക്കും പകരം മുന്നേറ്റത്തിൽ കളിക്കുക.
മറുവശത്ത് സി ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ചാണ് ഉറുഗ്വേയുടെ വരവ്. കഴിഞ്ഞ ഒക്ടോബറിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടി ലോകകപ്പ് യോഗ്യത മത്സരത്തിൽ 2-0ന് ബ്രസീൽ തോറ്റിരുന്നു. ഡാർവിൻ നുനസ് നയിക്കുന്ന മുന്നേറ്റ നിര തകർപ്പൻ ഫോമിലാണ്. മുന്നേറ്റ നിരയ്ക്കൊപ്പം മികച്ച പ്രതിരോധ നിരയും ഇത്തവണ ഉറുഗ്വേയുടെ കരുത്താണ്. പ്രാഥമിക ഘട്ടത്തിൽ ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടിയ ഉറുഗ്വേ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.
യൂറോ ക്വാർട്ടർ; ഇംഗ്ലണ്ടിന് സ്വിസ്സ് പരീക്ഷ, ഓറഞ്ചുകൾക്ക് എതിരാളി യുവ തുർക്കികൾ