ടോണി ക്രൂസ് ബൂട്ടഴിച്ചു; തിരിച്ചുവരവിൻ്റെ ലക്ഷ്യം നിറവേറ്റാനാവാതെ പടിയിറക്കം

യൂറോ കപ്പ് ക്വാര്ട്ടറില് സ്പെയിനിനെതിരായ മത്സരത്തില് ജര്മ്മനി പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം പടിയിറങ്ങുന്നത്

dot image

ബെര്ലിന്: പ്രൊഫഷണല് ഫുട്ബോളില് നിന്ന് പടിയിറങ്ങി ജര്മ്മനിയുടെ സൂപ്പര് മിഡ്ഫീല്ഡര് ടോണി ക്രൂസ്. യൂറോ കപ്പ് ക്വാര്ട്ടറില് സ്പെയിനിനെതിരായ മത്സരത്തില് ജര്മ്മനി പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ ഫുട്ബോള് കരിയറിന് ഔദ്യോഗികമായി തിരശ്ശീല വീണത്. യൂറോ കപ്പോടെ തന്റെ ഫുട്ബോള് യാത്രയ്ക്ക് വിരാമമിടുമെന്ന് 34കാരനായ താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. റയല് മാഡ്രിഡില് നിന്ന് ഈ സീസണോടെ ക്രൂസ് പടിയിറങ്ങിയിരുന്നു.

2021 യൂറോ കപ്പില് ജര്മ്മനിയുടെ മോശം പ്രകടനത്തെ തുടന്ന് ടോണി ക്രൂസ് ദേശീയ ടീമില് നിന്ന് നേരത്തെ വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. എന്നാല് 2024 യൂറോയില് ജര്മ്മനിക്ക് വേണ്ടി കളത്തിലിറങ്ങുന്നതിന് വേണ്ടി താരം വിരമിക്കല് പിന്വലിച്ച് തിരിച്ചെത്തി. തിരിച്ചുവന്ന് ജര്മ്മനിക്ക് വേണ്ടി യൂറോ കപ്പ് ഉയര്ത്തി ഫുട്ബോളിനോട് വിടപറയുക എന്ന ലക്ഷ്യം നിറവേറ്റാന് കഴിയാതെ നിരാശനായാണ് ക്രൂസ് മടങ്ങുന്നത്.

ജര്മ്മന് ദേശീയ ടീമിന് വേണ്ടി 108 മത്സരങ്ങള് കളിച്ച ക്രൂസ് 17 ഗോളുകള് നേടിയിട്ടുണ്ട്. 2014ല് ജര്മ്മനിയുടെ ലോകകപ്പ് ഹീറോ ആയിരുന്നു ടോണി ക്രൂസ്. ലോകകപ്പ് സെമിഫൈനലില് ബ്രസീലിനെ ഒന്നിനെതിരെ ഏഴ് ഗോളുകളുടെ തകര്പ്പന് വിജയം നേടിയപ്പോള് ജര്മ്മനിയുടെ രണ്ട് ഗോളുകള് ക്രൂസിന്റെ വകയായിരുന്നു.

ടോണി ക്രൂസ് വിരമിക്കല് തീരുമാനം പിന്വലിച്ചു; ജര്മ്മന് കുപ്പായത്തില് തിരികെയെത്തുന്നു

അതേസമയം ക്രൂസിന് അര്ഹിച്ച വിടവാങ്ങല് നല്കണമെന്ന സഹതാരങ്ങളുടെ ആഗ്രഹവും നടന്നില്ല. സ്പെയിനിനെതിരായ ക്വാര്ട്ടറില് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയം വഴങ്ങിയാണ് ആതിഥേയരായ ജര്മ്മനി പുറത്തായത്. ഡാനി ഓള്മോ, മെക്കല് മറീനോ എന്നിവര് സ്പെയിനിനായി ഗോളുകള് നേടിയപ്പോള് ഫ്ലോറിയന് വിര്ട്സ് ജര്മ്മനിയുടെ ഏകഗോള് നേടി.

dot image
To advertise here,contact us
dot image