ബെര്ലിന്: 2024 യൂറോ കപ്പ് ഫുട്ബോളില് സെമി ഫൈനല് ലൈനപ്പായി. അവസാന ക്വാര്ട്ടറില് തുര്ക്കിയെ കീഴടക്കി നെതര്ലന്ഡ്സ് മുന്നേറിയതോടെയാണ് സെമിയുടെ അന്തിമ ചിത്രം തെളിഞ്ഞത്. സെമിയിൽ പേരാടാനിറങ്ങുന്ന നാലു ടീമുകളും യൂറോപ്യൻ ഫുട്ബോളിലെ 'പവര്ഹൗസുകളാണ്' സ്പെയിന്, ഫ്രാന്സ്, ഇംഗ്ലണ്ട്, നെതര്ലാന്ഡ്സ് എന്നിവരാണ് അവസാന നാലില് ഇടംപിടിച്ച ടീമുകള്.
ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമി ഫൈനലില് സ്പെയിന് ഫ്രാന്സിനെ നേരിടും. ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയില് നെതര്ലന്ഡ്സ് ഇംഗ്ലണ്ടിനെയും നേരിടും. തിങ്കളാഴ്ചയാണ് കലാശപ്പോരാട്ടം.
🥁 Introducing your final four...
— UEFA EURO 2024 (@EURO2024) July 6, 2024
🇪🇸 Spain
🇫🇷 France
🇳🇱 Netherlands
🏴 England
Who wins it? 🤔#EURO2024 pic.twitter.com/vkQOd2Yb0x
20 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായാണ് നെതര്ലന്ഡ്സ് യൂറോ കപ്പിന്റെ സെമിയിലെത്തിയത്. 1988 യൂറോ കപ്പിലെ ജേതാക്കളായ ഡച്ചുപട 2004ന് ശേഷം യൂറോ സെമിയിലെത്തിയിട്ടില്ല. അതേസമയം ഇംഗ്ലണ്ട് ആദ്യ യൂറോ കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്. നാലാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തുന്നത്. 1968, 1996 യൂറോ കപ്പുകളില് സെമിയില് പരാജയപ്പെട്ട ഇംഗ്ലീഷ് പട 2020 യൂറോയില് ഫൈനലിലെത്തിയിരുന്നു. എന്നാല് ഇറ്റലിക്കെതിരെ ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ടിന് കിരീടം നഷ്ടമായത്.
നാലാം യൂറോ കിരീടത്തില് മുത്തമിടാനാണ് സ്പാനിഷ് ടീമിന്റെ വരവ്. 1964ല് യൂറോ ജേതാക്കളായ സ്പെയിന് 2008ലെയും 2012ലെയും ടൂര്ണമെന്റുകളില് തുടര്ച്ചയായി കപ്പുയര്ത്തി. 12 വര്ഷത്തെ കിരീടവരള്ച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെയിനിന്റെ യുവനിര എത്തുന്നത്.
ഫ്രാന്സ് രണ്ട് തവണയാണ് യൂറോ ചാമ്പ്യന്മാരായത്. 1984, 2000 വര്ഷങ്ങളില് കപ്പുയര്ത്തിയ ഫ്രഞ്ചുപട 2016ല് ഫൈനലിലെത്തിയിരുന്നു. എന്നാല് കലാശപ്പോരില് ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ പോര്ച്ചുഗലിനെതിരെ അടിയറവ് പറഞ്ഞ് മടങ്ങേണ്ടിവരികയായിരുന്നു.