മ്യൂണിച്ച്: യൂറോകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനും ഫ്രാൻസും നേർക്ക് നേർ. നാലാം യൂറോ കിരീടം ലക്ഷ്യമിടുന്ന സ്പെയിനും രണ്ടുവട്ടം കിരീടമുയർത്തിയ ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു പോരാട്ടമാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ പന്ത്രണ്ടരയ്ക്കാണ് മത്സരം. പരാജയമറിയാതെയാണ് ഇരുടീമുകളും യൂറോയുടെ ഇത് വരെയുള്ള ഘട്ടങ്ങളിൽ മുന്നേറിയത്. സ്പെയിൻ ക്വാർട്ടറിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സെമിയിൽ സ്ഥാനമുറപ്പിച്ചപ്പോൾ ഫ്രാൻസ് പെനാൽട്ടി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ മറികടന്നു.
ചാമ്പ്യൻഷിപ്പിൽ അഞ്ചുമത്സരങ്ങളും ജയിച്ച ഏകടീമാണ് ലൂയിസ് ഡി ലാ ഫ്യൂന്തെയുടെ സ്പെയിൻ. അതുകൊണ്ടുതന്നെ സ്പെയിനിനാണ് കളിയിൽ നേരിയ മുൻതൂക്കം കല്പിക്കപ്പെടുന്നത്. ലൂയിസ് എൻറിക്കെക്കുശേഷം സ്ഥാനമേറ്റ ഫ്യൂന്തെ തന്ത്രങ്ങളിൽ വരുത്തിയ മാറ്റമാണ് ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തൽ. പന്ത് കൂടുതൽ വരുതിയിൽ നിർത്തുന്ന ടിക്കി ടാക്ക ശൈലിയിൽനിന്ന് മാറി മുന്നേറ്റത്തിലെ മൂർച്ചയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു ഫ്യൂന്തെ. ഇതുവരെ മത്സരിച്ച അഞ്ചു യൂറോ സെമികളിൽ നാലിലും സ്പെയിനിന് വിജയിക്കാനായിട്ടുണ്ട്.
നാലാം യൂറോകപ്പ് ഫൈനലാണ് മറുവശത്ത് ഫ്രഞ്ച് ടീം ലക്ഷ്യമിടുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോറ്റതിനുശേഷം ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. യൂറോയിലും തപ്പിയും തടഞ്ഞുമായിരുന്നു ഫ്രഞ്ച് മുന്നേറ്റം. ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. പരിക്ക് മാറിയെത്തിയ സൂപ്പർ താരം എംബാപ്പെയ്ക്ക് ഇത് വരെ പ്രതീക്ഷക്കൊത്തുയരാനായിട്ടില്ല. സെൽഫ് ഗോളും പെനാൽറ്റിയുമൊഴികെ മുന്നേറ്റത്തിൽ ഫ്രാൻസിന് ഗോൾ നേടാനായിട്ടില്ല. അതേ സമയം മികച്ചു നിൽക്കുന്ന പ്രതിരോധം ഫ്രാൻസിന് ആശ്വാസമാണ്.
റൈറ്റ് ബാക്ക് ഡാനി കർവാജലും ഡിഫന്റർ റോബിൻ നോർമൻഡും സസ്പെൻഷൻ കാരണം കളിക്കില്ല എന്നത് സ്പാനിഷ് നിരയ്ക്ക് തിരിച്ചടിയാകും. ക്വാർട്ടർ ഫൈനലിൽ പരിക്കേറ്റ പെഡ്രിയുടെ വിടവും നിർണ്ണായകമാകും. പെഡ്രിക്ക് പകരം ഡാനി ഒൽമോതന്നെയാവും കളിക്കുക. മറുവശത്ത് ഫ്രഞ്ച് ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. മിഡ് ഫീൽഡർ റാബിയോട്ട് സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തും.